വിമാനവഴി അടഞ്ഞു: കസാഖ്സ്താനിലെ ഹോസ്റ്റലിൽ കുടുങ്ങി ആയിഷയും സബയും
text_fieldsദുബൈ: സുഹൃദ് ബന്ധങ്ങൾ അലങ്കാരമാകുന്ന ഇൗ കാലത്ത് ആയിഷക്കും സബക്കും പങ്കുവെക്കാനുള്ളത് മികച്ചൊരു സുഹൃദ് ബന്ധത്തിെൻറ കഥയാണ്. ഒപ്പം, ഒറ്റപ്പെടലിെൻറ വേദനയും. കസാഖ്സ്താനിലെ ഹോസ്റ്റലിൽനിന്ന് സഹപാഠികളെല്ലാം വിമാനം കയറിയപ്പോൾ പാകിസ്താൻകാരിയായ സുഹൃത്തിനെ ഒറ്റക്കിട്ട് പോരാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് കായംകുളത്തുകാരി ആയിഷ അജ്മൽ അവിടെ തന്നെ തുടരാൻ തീരുമാനിച്ചത്. പക്ഷേ, ആകാശവാതിലുകൾ തുറക്കാത്തതിനാൽ ആയിഷയും സുഹൃത്തും കസാഖ്സ്താനിലെ അസ്താന മെഡിക്കൽ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ അഞ്ച് മാസമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുടുംബാംഗങ്ങളെല്ലാം യു.എ.ഇയിൽ ആയതിനാൽ യു.എ.ഇ അധികൃതർ ഇടപെട്ട് തങ്ങളെ ഇവിടെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. അസ്താന യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളാണ് ആയിഷയും പാകിസ്താൻകാരി സബ തരകും. സബയുടെ ജന്മദേശം പാകിസ്താനാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം യു.എ.ഇയിലാണ്.
ഇവിടെ വെച്ചുള്ള പരിചയമാണ് ഇരുവരെയും ഒരേ യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ പ്രേരിപ്പിച്ചത്. ആയിഷ പഠിക്കുന്ന അതേ കോളജിലേക്ക് മകളെയും അയക്കാൻ സബയുടെ രക്ഷിതാക്കൾ തീരുമാനിക്കുകയായിരുന്നു. കസാഖ്സ്താനിലും കോവിഡ് വ്യാപനം തുടങ്ങിയതോടെ കോളജ് നേരത്തെ അടച്ചു. വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങി. രണ്ട് മാസം മുമ്പുവരെ ഇന്ത്യക്കാരായ വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും ജൂണിൽ അവരെയും ഇന്ത്യൻ സർക്കാർ ഇടപെട്ട് നാട്ടിലെത്തിച്ചു. എന്നാൽ, രക്ഷിതാക്കൾ യു.എ.ഇയിൽ ആയതിനാലും സബ ഒറ്റപ്പെട്ടു പോകുമെന്നതിനാലും ഹോസ്റ്റലിൽ തുടരാൻ ആയിഷ തീരുമാനിക്കുകയായിരുന്നു. മാർച്ച് 22ന് ൈഫ്ല ദുബൈയുടെ വിമാനത്തിൽ യു.എ.ഇയിലേക്ക് പോകാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കോവിഡ് അതിപ്രസരം തുടങ്ങിയേതാടെ വിമാന സർവിസ് പലതവണയായി മാറ്റിവെച്ചു. ഒാരോ തവണ വിമാനം റീഷെഡ്യൂൾ ചെയ്യുേമ്പാഴും ആയിഷയും സബയും കോവിഡ് പരിശോധനക്ക് വിധേയരാകും. 96 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലം വേണമെന്നാണ് യു.എ.ഇയിലെ നിബന്ധന. 200 ദിർഹം മുടക്കി പരിശോധന നടത്തുമെങ്കിലും പിന്നീട് കേൾക്കുന്നത് വിമാനം റദ്ദാക്കി എന്ന വാർത്തയായിരിക്കും.
അഞ്ച് മാസമായി ഇതാണ് അവസ്ഥ. ലോക്ഡൗണായതിനാൽ പുറത്തുപോയി ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. റൂമിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇപ്പോഴത്തെ ആശ്രയം. കസാഖ്സ്താനിൽ ഇപ്പോൾ കൊടുംചൂടാണ്. എ.സിയും ഫാനുമില്ലാത്ത മുറിയിലാണ് കുട്ടികളുടെ താമസം. മകളെയും സുഹൃത്തിനെയും എങ്ങനെയെങ്കിലും തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാണ് ദുബൈ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായ കായംകുളം സ്വദേശി അജ്മലിന് പറയാനുള്ളത്. രണ്ട് പതിറ്റാണ്ടായി ദുബൈയിലുള്ള അജ്മലിെൻറ കുടുംബവും ഇവിടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.