സൗദിയിലേക്ക് ദുബൈ, അബൂദബി വിമാനങ്ങൾ നാളെ മുതൽ
text_fieldsദുബൈ: യാത്രവിലക്ക് നീങ്ങിയ പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന് സൗദി അറേബ്യയിലേക്ക് വിമാന സർവിസുകൾ സജീവമാകുന്നു. ദുബൈ ആസ്ഥാനമായ എമിറേറ്റ്സും അബൂദബി ആസ്ഥാനമായ ഇത്തിഹാദും ശനിയാഴ്ച മുതൽ സാധാരണ സർവിസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ദുബൈയിൽ നിന്ന് 24 പ്രതിവാര സർവിസുകളാണ് നിലവിൽ ആരംഭിക്കുക.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് ദിനംപ്രതിയും മദീനയിലേക്ക് ആഴ്ചയിൽ മൂന്നും വിമാനങ്ങളാണ് ദുബൈയിൽ നിന്നുണ്ടാവുക. സെപ്റ്റംബർ 16മുതൽ റിയാദിലേക്കുള്ള വിമാനങ്ങൾ ദിവസവും രണ്ടെണ്ണമാക്കും. മറ്റു സ്ഥലങ്ങളിലേക്കും ഈ മാസം അവസാനത്തോടെ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ആലോചിക്കുന്നതായും എമിറേറ്റ്സ് അറിയിച്ചു.
ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദ് സർവിസ് നടത്തുക. സൗദി പൗരന്മാർ, കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, സൗദി റെസിഡൻറ്സ് വിസയുള്ളവർ, യു.എ.ഇ പൗരന്മാർ എന്നിവർക്കാണ് യാത്ര ചെയ്യാൻ സാധിക്കുകയെന്നും ഇത്തിഹാദ് പ്രസ്താവനയിൽ പറയുന്നു.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജൂലൈ മൂന്ന് മുതലാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സൗദി യാത്രവിലക്ക് ഏർപ്പെടുത്തിയത്.
ചൊവ്വാഴ്ചയാണ് വിലക്ക് എടുത്തുമാറ്റിയത്. യു.എ.ഇ ഗ്രീൻലിസ്റ്റിലുള്ള രാജ്യമായതിനാൽ സൗദിയിൽ നിന്ന് വരുന്നവർക്ക് സമ്പർക്കവിലക്ക് നിബന്ധനയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.