യു.എ.ഇ വിമാന സർവീസ് കരാറുകൾ ഏകീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തിരിച്ചടി
text_fieldsഅബൂദബി: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലേക്കുള്ള വിമാന സർവീസ് കരാറുകൾ ഏകീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തിരിച്ചടി. ഇന്ത്യയുമായി 2014ൽ ഒപ്പിട്ട വിമാന സർവീസ് കരാറിൽ ഒരു ഭേദഗതിയും ഉദ്ദേശിക്കുന്നില്ലെന്ന് യു.എ.ഇ പൊതു േവ്യാമയാന അതോറിറ്റി (ജി.സി.എ.എ) വ്യക്തമാക്കി. നിലവിൽ യു.എ.ഇയോട് മാത്രമാണ് ഇന്ത്യക്ക് ഏകീകൃത വിമാന സർവീസ് കരാറില്ലാത്തത്.
ഇന്ത്യ യു.എ.ഇയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യോമ പങ്കാളിയായി തുടരുമെന്നും 2014ലെ കരാർ പ്രകാരം മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന വിമാന ഗതാഗത ബന്ധം തുടരാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ജി.സി.എ.എ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുമായുള്ള വ്യോമ ഗതാഗത ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ യു.എ.ഇക്ക് താൽപര്യമുണ്ട്.
കൂടുതൽ സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഇന്ത്യക്ക് സമർപ്പിച്ചിട്ടുണ്ട്.
ഇത് നടപ്പായാൽ ഇരു രാജ്യത്തെയും ജനങ്ങൾക്ക് ഗുണകരമാകുമെന്നും ഇരു രാജ്യത്തിനും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും ജി.സി.എ.എ കൂട്ടിച്ചേർത്തു. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളുമായുള്ള കരാറുകൾ ഏകീകരിക്കാനാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിെൻറ പിന്തുണയോടെ ഇന്ത്യൻ വിമാനക്കമ്പനികൾ ശ്രമിച്ചുകൊണ്ടിരുന്നത്.
ഒരു എമിറേറ്റിലേക്ക് അനുവദിച്ച സർവീസുകളിൽ ഉപയോഗിക്കാത്തവ മറ്റു എമിറേറ്റിലേക്ക് നടത്താൻ സാധിക്കുമെന്നതാണ് കരാർ ഏകീകരണത്തിൽ ഇന്ത്യൻ കമ്പനികൾ കാണുന്ന മെച്ചം.
ഇന്ത്യയിൽനിന്നും യു.എ.ഇയിൽനിന്നുമായി ഇന്ത്യൻ വിമാനങ്ങൾക്ക് ആഴ്ചയിൽ ഒാരോ ഭാഗത്തേക്കും 134,441 സീറ്റുകളുടെ അനുമതിയുണ്ട്.
ദുബൈ 65,200, അബൂദബി 50,000, ഷാർജ 17,841, റാസൽഖൈമ 1,400 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള കണക്ക്. എന്നാൽ, എല്ലാ ഇന്ത്യൻ വിമാനങ്ങളും കൂടി ഇതിൽ 99,000 സീറ്റുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഏകീകൃത കരാർ സാധ്യമായാൽ ശേഷിക്കുന്ന സീറ്റുകൾ കൂടി ഉപയോഗപ്പെടുത്താമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.