ജലമാലിന്യം നീക്കാൻ ദുബൈയിൽ ‘ഫ്ലോട്ടിങ് ഡ്രോൺ’
text_fieldsദുബൈ: വെള്ളത്തിൽ പൊങ്ങിക്കിടന്ന് മാലിന്യങ്ങൾ നീക്കംചെയ്യുന്ന നൂതന ഡ്രോൺ സംവിധാനവുമായി ദുബൈ ഹാർബർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്. വിഡിയോ കാമറയും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും ഘടിപ്പിച്ചതാണ് ഡ്രോണെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റൽ, പേപ്പർ, തുണി, റബർ എന്നിവ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കംചെയ്യാൻ സംവിധാനം സഹായിക്കും.
ഡ്രോണിന് 160 ലിറ്റർ ശേഖരണശേഷിയുണ്ട്. ഓട്ടോണമസ് മോഡിൽ ആറു മണിക്കൂർ വരെ പ്രവർത്തനശേഷിയുമുണ്ട്. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും പൂർണമായും പൊരുത്തപ്പെടുന്നതാണ് സംവിധാനം. സാങ്കേതിക നവീകരണത്തിന്റെയും കാര്യക്ഷമതയുടെയും അടയാളമെന്ന നിലയിലാണ് ഫ്ലോട്ടിങ് മാലിന്യശേഖരണ സംവിധാനം രൂപപ്പെടുത്തിയത്. റിമോട്ട് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡ്രോൺ ജലോപരിതലത്തിലെ അവശിഷ്ടങ്ങൾ തിരിച്ചറിയുകയും നിർമാർജനത്തിനോ പുനരുപയോഗത്തിനോ വേണ്ടി ശേഖരണ ടാങ്കിലേക്ക് മാറ്റി സൂക്ഷിക്കുകയും ചെയ്യും.
മറീനകൾ, റിസോർട്ടുകൾ, ഡോക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവക്ക് ആവശ്യമായ സംവിധാനങ്ങൾ നൽകുന്ന ഫ്രഞ്ച് കമ്പനിയായ ‘ദി സീരിയൽ ക്ലീനേഴ്സി’ന്റെ ഉൽപന്നമാണ് ഡ്രോൺ. ഏകദേശം 1.62 മീറ്റർ നീളവും 1.15 മീറ്റർ വീതിയുമുള്ള ഡ്രോൺ മറ്റു ശുചീകരണ റോബോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒതുക്കമുള്ളതുമാണെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.