പ്രളയം: പാകിസ്താനിലേക്ക് 3,000 ടൺ ഭക്ഷണം എത്തിക്കും
text_fieldsഅബൂദബി: പ്രളയത്തിൽ ആയിരത്തിലേറെ പേർ മരിക്കുകയും വലിയ നാശം നേരിടുകയും ചെയ്യുന്ന പാകിസ്താനിലേക്ക് അടിയന്തര സഹായവുമായി യു.എ.ഇ 3,000 ടൺ ഭക്ഷണവും മറ്റു സഹായങ്ങളും എത്തിക്കാൻ കഴിഞ്ഞ ദിവസം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായി ഫോണിൽ സംസാരിച്ച ശൈഖ് മുഹമ്മദ് പ്രളയ സാഹചര്യത്തെ നേരിടുന്നതിന് മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനവും അറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സമാനമായ സന്ദേശം അയച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ അടിയന്തര മെഡിക്കൽ ഉപകരണങ്ങളും മരുന്നും താൽക്കാലിക ടെന്‍റുകളും മറ്റുമാണ് യു.എ.ഇയിൽനിന്ന് അയച്ചിരിക്കുന്നത്. അതിന് പുറമെ യു.എ.ഇയിലെ സന്നദ്ധസംഘം ദുരിതമേഖലയിൽ സേവനം ചെയ്യാനും പുറപ്പെടും. ശനിയാഴ്ച പ്രളയം ബാധിച്ച സുഡാനിലേക്കും യു.എ.ഇ സഹായമെത്തിച്ചിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രത്യേക സംഘവും പുറപ്പെട്ടിട്ടുണ്ട്. അരി, മാവ്, പഞ്ചസാര എന്നിവയുൾപ്പെടെ 15 ടൺ ഭക്ഷണവും 15 ടൺ മെഡിക്കൽ സാധനങ്ങളുമാണ് സുഡാനിലേക്ക് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.