പ്രളയദുരിതം: തോരാത്ത നൊമ്പരവുമായി പ്രവാസികൾ
text_fieldsകൽബ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയെ തുടർന്നുണ്ടായ നഷ്ടങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പ്രവാസികളും. മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കൽബയിലെ മുഗൈദര്‍. ഇവിടെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന മലയാളികളാണ് മുജീബ്, ഇസ്മായില്‍, മുഹമ്മദ്, അലി, കരീം എന്നിവര്‍. രാത്രി എട്ടുമണി മുതൽ മഴ പെയ്യുന്നുണ്ടായിരുന്നതായി കോട്ടക്കല്‍ സ്വദേശി മുജീബ് പറയുന്നു. അത്ര കാര്യമല്ലാത്ത മഴയായതിനാലും പിറ്റേന്ന് ജോലിക്ക് പോകാനുള്ളതിനാലും എല്ലാവരും പതിവുപോലെ ഉറങ്ങാന്‍ കിടന്നു. രാത്രി പന്ത്രണ്ട് മണി പിന്നിട്ടപ്പോൾ അടുത്ത വില്ലയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയുടെ വിളി കേട്ടാണ് ഇവര്‍ ഉറക്കമുണരുന്നത്. ഉണര്‍ന്നുനോക്കുമ്പോള്‍ വീടിനകത്ത് വെള്ളം നിറഞ്ഞുനില്ക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ കൂടാതെ ജോലി ആവശ്യത്തിനുള്ള ചില സാധനങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. എല്ലാം വെള്ളത്തിലായി. ബെഡ് റൂം അൽപം ഉയരത്തിലായതിനാൽ കിടക്കുന്ന സഥലത്ത് വെള്ളം എത്തിയിരുന്നില്ല. പാസ്പ്പോര്‍ട്ടും അത്യാവശ്യ സാധനങ്ങളും എടുത്ത് എല്ലാവരും പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്.
അഞ്ചുദിവസം പിന്നിട്ടിട്ടും ഇനിയും ഇവിടെ വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. എല്ലാവരും ജോലിക്കാരായതിനാല്‍ ജോലി കഴിഞ്ഞാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്. വെള്ളം കയറിയപ്പോൾ ഭാഗ്യം കൊണ്ടാണ് വൈദ്യുതാഘാതം ഏല്ക്കാതെ പോയതെന്ന് ഇവര്‍ പറയുന്നു. പ്രദേശത്ത് ചിലര്‍ക്കെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം അപകടം പറ്റിയതായി ഇവർ പറയുന്നു. വീടിന് പുറത്തുകടന്ന ഉടൻ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
പ്രദേശത്ത് തറ ഉയരമില്ലാത്ത പള്ളികളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളവും ചളിയും നിറഞ്ഞിട്ടുണ്ട്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. വെള്ളം നിറഞ്ഞതോടെ ഇവിടെ കെട്ടിയിരുന്ന നിരവധി മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. നിരവധി പ്രവാസി കൂട്ടായ്മകള്‍ സഹായഹസ്തവുമായി മറ്റു എമിറേറ്റുകളില്‍നിന്നും എത്തിയത് പലര്‍ക്കും വലിയ ആശ്വാസമായി. നഗരസഭ അധികൃതര്‍ രാപ്പകലില്ലാതെ ടാങ്കറുകളില്‍ വെള്ളം വലിച്ചെടുത്തതോടെയാണ് വെള്ളക്കെട്ട് കുറഞ്ഞത്. ഉയര്‍ന്ന നിർമാണ നിലവാരമുള്ളതിനാല്‍ റോഡുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചില്ല. നാട്ടിലേക്ക് പോകുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് നല്കാന് ഒരുക്കൂട്ടിവെച്ച സാധനങ്ങള്‍ നഷ്ടപ്പെട്ട പ്രവാസികളുമുണ്ട്. ചെറുകിട സ്ഥാപനങ്ങളടക്കം മലയാളികളായ നിരവധി പേരുടെ ഉപജീവന മാർഗമാണ് പാതിരാവില്‍ പെയ്തിറങ്ങിയ പേമാരി നക്കിത്തുടച്ചത്.
വൈകുന്നേരങ്ങളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബൈ: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂടുള്ള കാലാവസ്ഥയാണെങ്കിലും കിഴക്ക്, തെക്ക് മേഖലകളിൽ വൈകുന്നേരങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ചില മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 39 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലയിൽ 27 മുതൽ 32 ഡിഗ്രി വരെയുമാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.