പുഷ്പ നഗരിയിലെ സുന്ദരമേള
text_fieldsഅൽഐൻ ജാഹിലി പാർക്കിൽ ഒരുക്കിയ പുഷ്പ മേളയിലേക്ക് സന്ദർശകർ ഒഴുകുകയാണ്. അൽഐൻ നഗരത്തോട് ചേർന്ന വിശാലമായ ഓപ്പൺ പാർക്കിലാണ് അൽഐൻ നഗരസഭ ഈ പൂന്തോട്ടം ഒരുക്കിയത്. വിവിധ വർണത്തിലുള്ള പൂക്കളും ചെടികളും പച്ച വിരിച്ച പുൽ പരവതാനിയുംകൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്ത പാർക്കിൽ ആകർഷണീയമായ വിവിധ രൂപങ്ങളും സംവിധാനിച്ചിട്ടുണ്ട്.
സന്ദർശകർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പൂക്കളാൽ തീർത്ത കമാനങ്ങൾക്കും വിവിധ രൂപങ്ങൾക്കും പുറമെ എൽ.ഇ.ഡി ബൾബുകൾകൊണ്ട് നിർമിച്ച പൂക്കളും പൂമ്പാറ്റകളും സന്ധ്യാ സമയങ്ങളിൽ മനോഹരമായ കാഴ്ചയൊരുക്കുന്നുണ്ട്.
പാർക്കിൽ വിവിധ ഭക്ഷ്യ വിഭവങ്ങളുടെയും മറ്റ് ഉൽപന്നങ്ങളുടെയും വിപണന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ അൽഐൻ പുഷ്പമേളയുടെ ഭാഗമായാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് കുടുംബസമേതം ഓരോ ദിവസവും ഇവിടെ എത്തുന്നത്.
ഉദ്യാനത്തിൽ നിന്നും സെൽഫിയും വീഡിയോയും എടുക്കാൻ സന്ദർശകരുടെ തിരക്കാണ്. വൈകുന്നേരം 4 മുതൽ 10 വരെയാണ് പ്രദർശനം. ഈ പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി14 ന് തുടങ്ങിയ പുഷ്പമേള മാർച്ച് 14 വരെ നീണ്ടു നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.