പൂവും പൂക്കളവുമായി പ്രവാസത്തിന് ഓണാരവം
text_fieldsദുബൈ: രണ്ടു വർഷമായി മഹാമാരിയുടെ നിഴലിൽ പൊലിമ കുറഞ്ഞുപോയ ആഘോഷമേളം തിരിച്ചുപിടിച്ച് പ്രവാസകേരളം ഓണപ്പാച്ചിൽ തുടങ്ങി. നിയന്ത്രണങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ ഒറ്റക്കും കുടംബമായും കൂട്ടായും ഇക്കുറി ആഘോഷം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. അത്തം ഒന്നുമുതൽ പൂക്കളമിടാൻ ആരംഭിച്ചവർ ധാരാളമുണ്ട്. സദ്യവട്ടങ്ങൾക്ക് സാമഗ്രികളൊരുക്കാനുള്ള മലയാളികളുടെ തിരക്കാണ് ഹൈപ്പർ-സൂപ്പർമാർക്കറ്റുകളിൽ. ഓണത്തിനായി പ്രത്യേക ആനുകൂല്യങ്ങൾ വിവിധ കച്ചവട സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു.
സദ്യയും പായസമടക്കമുള്ള വിഭവങ്ങൾ ഒരുക്കി ഹോട്ടലുകളും റെഡി. കേരളം, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞത് വിലവർധനക്ക് കാരണമായിട്ടുണ്ട്. ഓഫീസുകൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മറ്റു രാജ്യക്കാരും ആഘോഷത്തിനൊപ്പം ചേരുന്നുണ്ട്. ഫിലിപ്പിൻസ്, ഈജിപ്ത്, പാകിസ്താൻ എന്നിവിടങ്ങളിലുള്ളവരും ഇമാറാത്തികളും സദ്യക്കും മറ്റും കൂടെച്ചേരുന്നുണ്ട്. പലരും മുണ്ടും സാരിയും അടക്കമുള്ള വസ്ത്രങ്ങളിൽ മലയാളത്തനിമയോടെയാണ് ആഘോഷങ്ങൾക്കെത്തുന്നത്. വിവിധ മലയാളി കൂട്ടായ്മകളും സംഘടനകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ വലിയ ആൾകൂട്ടമില്ലാത്ത പരിപാടികളാണ് ഒരുക്കുന്നത്.
യാത്രക്ക് പലവിധ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് ഓണമാഘോഷിക്കാൻ പോകുന്നത് പലരും വരും വർഷത്തേക്ക് മാറ്റിവെച്ചിരിക്കയാണ്. യു.എ.ഇക്ക് അകത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ പേരും 'ഓണട്രിപ്പ്' പോകുന്നത്. വേനൽ മഴ ലഭിക്കുന്ന ഹത്ത, ജബൽ ജൈസ്, റാസൽഖൈമ എന്നിവിടങ്ങൾ സന്ദർശിക്കാൻ ധാരാളം മലയാളികളെത്തുന്നുണ്ട്.
നാട്ടിലേതിൽ നിന്ന് വ്യത്യസ്തമായി യു.എ.ഇയിൽ കോവിഡ് കേസുകൾ കുറഞ്ഞതും വാക്സിനേഷൻ രണ്ടുഡോസും മിക്കവരും പൂർത്തിയാക്കിയതും ഭീതിയില്ലാത്ത ആഘോഷത്തിന് അവസരമൊരുക്കും. മഹാമാരിയും പ്രതിസന്ധികളും വഴിമാറി 'ആധികൾ വ്യാധികളൊന്നുമില്ല, ബാലമരണങ്ങൾ കേൾപ്പാനില്ല, പത്തായിരമാണ്ടിരിപ്പതെല്ലാം, പത്തായമെല്ലാം നിറവതല്ലേ!' എന്ന മഹാബലിക്കാലത്തിെൻറ നന്മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.