പൂക്കൾ.. പെരുമാൾ പൂക്കൾ
text_fieldsമലയാളി ഓണം ആഘോഷിക്കുേമ്പാൾ തിരക്കേറുന്ന ഒരു തമിഴ്നാട് സ്വദേശിയുണ്ട് ദുബൈയിൽ. മധുരൈ സ്വദേശിയായ എസ്. പെരുമാളാണിത്. മൂന്ന് പതിറ്റാണ്ടിലേറെയായി യു.എ.ഇയിലെ മലയാളിയുടെ ഓണത്തിന് പൂക്കളുടെ ഭംഗി പകരുന്നത് ഇദ്ദേഹമാണ്. പെരുമാൾ ഫ്ലവർ ഷോപ്പ് എന്ന് പറഞ്ഞാൽ പ്രവാസികളുടെ പൂന്തോപ്പാണ്. 1980ൽ ദുബൈയിൽ എത്തി സ്വകാര്യ കമ്പനി തൊഴിലാളിയായി ജീവിതം തുടങ്ങിയതാണ്.
പത്ത് വർഷത്തിന് ശേഷം സ്വന്തമായി ജോലി കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ബർദുബൈ ക്ഷേത്രത്തിന് സമീപം ഒരു കൊച്ചു സ്റ്റാളിലാണ് തുടക്കം. പച്ചക്കറി അടക്കം ലഭിക്കുന്ന ഒരു കടയാക്കി ഇത് അഞ്ചുവർഷത്തിന് ശേഷം വികസിപ്പിച്ചു. പിന്നീട് യു.എ.ഇയിലെ വിവിധ ഭാഗങ്ങളിലായി പുതിയ ഷോപ്പുകൾ ആരംഭിച്ചു. ഇന്ന് പച്ചക്കറിയും പൂക്കളും വിൽക്കുന്ന 18 ഷോപ്പുകളുണ്ട് ഇദ്ദേഹത്തിന്. സാധാരണ സമയങ്ങളിൽ 2ടൺ വരെ പൂക്കളാണ് എത്തിക്കുന്നത്. എല്ലാതരം ഉൽസവങ്ങൾക്കും ആവശ്യമായ പൂക്കൾ ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്.
ഓണക്കാലം ഏറ്റവും കൂടുതൽ ബിസിനസ് ലഭിക്കുന്ന സമയമാണെന്ന് പെരുമാൾ പറയുന്നു. എല്ലാ വർഷവും ഓണക്കാലങ്ങളിൽ പൂക്കൾ മതിയാകാതെ വരാറാണ് പതിവ്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം കാരണമായി പൂക്കൾ വല്ലാതെ വിറ്റുപോയില്ല. മറ്റെല്ലാ വർഷങ്ങളിലും മികച്ച കച്ചവടമുണ്ടായിട്ടുണ്ട്. നേരത്തെ തന്നെ ആവശ്യക്കാർ പൂക്കൾ ബുക്ക് ചെയ്യുന്നതാണ് ഇവിടെ പതിവ്.
ഇത്തവണ 25ടൺ പൂവാണ് നാട്ടിൽ നിന്ന് പെരുമാളിെൻറ കടകളിലേക്ക് മാത്രമായി എത്തുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ വരവ്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളിലും കയറ്റി അയക്കാറുണ്ട്. വിവിധ നിറങ്ങളിലുള്ള, അത്തപൂക്കളത്തിന് യോജിച്ച ചെണ്ടുമല്ലി, അരളി തുടങ്ങിയവയാണ് പ്രധാനമായും കൊണ്ടുവരുന്നത്. മലയാളിയുടെ ആഘോഷത്തിന് നിറം പകരുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് പെരുമാൾ അണ്ണൻ പറയുന്നു. കുടുംബമായി യു.എ.ഇയിൽ കഴിയുന്ന ഇദ്ദേഹത്തിന് നാല് ആൺകുട്ടികളും ഒരു മകളുമുണ്ട്. വിവിധ ഷോപ്പുകളുടെ ചുമതല വഹിക്കുന്നതും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.