പറക്കും ടാക്സി കെട്ടുകഥയല്ല; ദുബൈയിൽ പരീക്ഷണ പറക്കൽ (VIDEO)
text_fieldsദുബൈ: പറക്കും ടാക്സി ഇനി കെട്ടുകഥയല്ലെന്ന് ഉറപ്പാവുന്നു. ലോകത്ത് ആദ്യമായി പറക്കും ടാക്സിയെ ആകാശത്തെത്തിക്കാനൊരുങ്ങുന്ന ദുബൈയിൽ അതിന്റെ പരീക്ഷണ പറക്കൽ നടന്നു. ബുർജുൽ അറബ് ഹോട്ടലിനു സമീപത്തു നിന്ന് ടേക്ക് ഒാഫ് നടത്തുന്നതിന്റെയും സ്കൈഡൈവ് എയർ സ്ട്രിപ്പിൽ നിന്ന് പറന്ന് മരുഭൂമിക്കു മുകളിലൂടെ നീങ്ങുന്നതിന്റെയും ദൃശ്യങ്ങളടങ്ങുന്ന വീഡിയോ വാഹനത്തിന്റെ നിർമാതാക്കളായ ഇഹാംഗ് എന്ന ചൈനീസ് കമ്പനി പുറത്തുവിട്ടു.
യാത്രക്കാരില്ലാതെയാണ് ടാക്സി പറന്നത്. നിയന്ത്രണം മുഴുവൻ താഴെ കൺട്രോൾ റൂമിൽ നിന്നായിരുന്നു. ഇൗ വർഷം അവസാനത്തോടെ പറക്കും ടാക്സികൾ സജ്ജമാകുമെന്ന് കമ്പനി മാസങ്ങൾക്കു മുൻപ് വ്യക്തമാക്കിയിരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഇഹാംഗ് 184ന്‍റെ പരീക്ഷണ നടപടികൾ നേരത്തേ തന്നെ തുടങ്ങിയതായും കമ്പനി അധികൃതർപറയുന്നു.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ( ഡി.സി.എ.എ) നിഷ്കർഷിച്ച സുരക്ഷാ -കാലാവസ്ഥാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാൽ മാത്രമേ അന്തിമ അനുമതി ലഭ്യമാവൂ. മരുഭൂമിയിലും കടലോരത്തുമെല്ലാം ടേക്ക് ഒാഫും ലാൻറിങും പരീക്ഷിക്കുന്നതും നിബന്ധനകൾക്കനുസരിച്ച് പ്രവർത്തിക്കാനാകുമോ എന്നു പരിശോധിക്കാനാണ്.
ഇൗ വർഷത്തെ ലോക ഗവർമെൻറ് ഉച്ചകോടിയിൽ വെച്ചാണ് പറക്കും ടാക്സിക്കായി റോഡ് ഗതാഗത അതോറിറ്റി ചൈനീസ് കമ്പനിയുമായി കൈകോർക്കുന്ന വിവരം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.