ദുബൈയിൽ മൂന്നു വർഷത്തിനകം ‘പറക്കും ടാക്സികൾ’
text_fieldsദുബൈ: ആകാശക്കാഴ്ചകളിലെ ദുബൈ നഗരം ആസ്വദിക്കാനും സഞ്ചാരത്തിന് വേഗം വർധിപ്പിക്കാനും ‘പറക്കും ടാക്സികൾ’ എത്തുന്നു. അടുത്ത മൂന്നു വർഷത്തിനകം എയർ ടാക്സികൾ പ്രവർത്തനമാരംഭിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെളിപ്പെടുത്തിയത്. ഇതിനു മുന്നോടിയായി ടാക്സി സ്റ്റേഷനുകൾ നിർമിക്കുന്നതിന് രൂപരേഖക്ക് അംഗീകാരം നൽകിയതായി ശൈഖ് മുഹമ്മദ് ട്വിറ്റർ വഴി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പറക്കും ടാക്സികളുടെ ശൃംഖലയുള്ള ലോകത്തെ ആദ്യ നഗരമെന്ന പദവി ദുബൈക്ക് സ്വന്തമാകും.
ആകാശത്ത് പറക്കുന്ന ചെറുവിമാന മാതൃകയിലുള്ള ടാക്സികൾക്ക് 300 കിലോമീറ്റർ വേഗമുണ്ടാകും. പരമാവധി 241 കിലോമീറ്റർ ദൂരത്തിലേക്ക് വരെ ഇതുവഴി സഞ്ചരിക്കാനാകും. പൈലറ്റിനു പുറമെ നാലു യാത്രക്കാർക്കാണ് ഇതിൽ കയറാനാവുക. പ്രാരംഭ ഘട്ടത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം, ഡൗൺടൗൺ ദുബൈ, പാം ജുമൈറ, ദുബൈ മറീന എന്നീ നാല് പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
ദുബൈയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിക്കു മുമ്പായി നടന്ന ചടങ്ങിലാണ് സ്റ്റേഷൻ മാതൃകക്ക് ശൈഖ് മുഹമ്മദ് അംഗീകാരം നൽകിയത്. പദ്ധതി പൂർത്തീകരണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി, സ്കൈപോർട്സ്, ജോബി ഏവിയേഷൻ എന്നിവ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. 2026ൽ പദ്ധതി നടപ്പാക്കുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.
പറക്കും ടാക്സി ദുബൈ നഗരത്തിന് മുകളിലൂടെ പറക്കുന്ന ഗ്രാഫിക്സ് വിഡിയോയും ദുബൈ ഭരണാധികാരി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ബുർജ് ഖലീഫ, ദുബൈ ഫ്രെയിം, ബുർജ് അൽ അറബ് തുടങ്ങിയ ജനപ്രിയ ലാൻഡ്മാർക്കുകളിലൂടെ എയർ ടാക്സികൾ കുതിക്കുന്നതാണ് വിഡിയോയിലുള്ളത്. യാത്ര എളുപ്പമാക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കം മറ്റു പ്രമുഖരും സ്റ്റേഷൻ രൂപരേഖക്ക് അംഗീകാരം നൽകുന്ന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.