സന്നദ്ധപ്രവർത്തന ക്രമീകരണ നിയമം എഫ്.എൻ.സി അംഗീകരിച്ചു
text_fieldsഅബൂദബി: രാജ്യത്താകമാനമുള്ള സന്നദ്ധപ്രവർത്തനങ്ങൾ ക്രമീകരിക്കാനുള്ള കരടു നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അനുമതി നൽകി. സന്നദ്ധപ്രവർത്തന സംസ്കാരം പോഷിപ്പിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ വഴി സർക്കാർ നയങ്ങൾ കാര്യക്ഷമമായി പ്രയോഗവത്കരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് നിയമത്തിെൻറ ലക്ഷ്യം.
രാജ്യത്തെ സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സന്നദ്ധപ്രവർത്തകരെ രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിച്ച് വിവിരശേഖരണം നടത്താനും നിയമം ആഹ്വാനം ചെയ്യുന്നു. യു.എ.ഇയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള സന്നദ്ധസംഘടനകൾ പ്രവർത്തകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമായ പരിശീലനം നൽകണമെന്നും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും നിയമം നിർദേശിക്കുന്നു.
ദുബൈയിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ക്രമീകരണത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൗയിടെ നിയമം പുറപ്പെടുവിച്ചിരുന്നു. സന്നദ്ധ പ്രവർത്തനം സംഘടിപ്പിക്കുകയോ സ്പോൺസർ ചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ ദുെബെ സാമൂഹിക വികസന അതോറിറ്റിയിൽനിന്ന് (സി.ഡി.എ) നിർബന്ധമായും അനുമതി നേടിയിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. സി.ഡി.എയിൽനിന്ന് അനുമതി നേടാതെ സന്നദ്ധസംഘത്തിന് ധനശേഖരണം നടത്താനോ ഏതെങ്കിലും മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യാനോ അവകാശമില്ല.
സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സർക്കാർ^സ്വകാര്യ സ്ഥാപനങ്ങൾ പ്രർത്തനങ്ങളും മാനദണ്ഡങ്ങളും നിയമങ്ങളും നിർവചിക്കുകയും അവയുടെ ഒരു പകർപ്പ് സി.ഡി.എക്ക് സമർപ്പിക്കുകയും ചെയ്യണം.
സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ലഭ്യമാക്കണം. പരിക്ക്, പകർച്ചവ്യാധി തുടങ്ങിയവക്കെതിരെ ഇൻഷുറൻസ് പരിരക്ഷ നൽകണം. സി.ഡി.എ പുറത്തിറക്കുന്ന സന്നദ്ധ സേവന കരാറിൽ പ്രവർത്തകർ ഒപ്പിടണം. സന്നദ്ധ പ്രവർത്തകനും സ്ഥാപനവും തമ്മിലുള്ള ബന്ധം ഇൗ കരാറിൽ വ്യക്തമാക്കണം. സന്നദ്ധപ്രവർത്തകർ 18 വയസ്സിന് മുകളിലുള്ളവരായിരിക്കണമെന്നും 18 വയസ്സിൽ കുറഞ്ഞവരെ സന്നദ്ധപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ രക്ഷിതാക്കളുടെ അനുമതി നേടിയിരിക്കണമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ച നിയമം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.