മൂടൽമഞ്ഞ്: യു.എ.ഇയിൽ 30 അപകടങ്ങൾ; മൂന്ന് ഇന്ത്യക്കാർ മരിച്ചു
text_fieldsദുബൈ/അബൂദബി: മൂടൽമഞ്ഞ് ശക്തമായതോടെ യു.എ.ഇയിൽ ചൊവ്വാഴ്ചയുണ്ടായത് 30 അപകടങ്ങൾ. ദുബൈയിൽ 29 അപകടങ്ങളുണ്ടായപ്പോൾ അബൂദബിയിൽ ബസ് അപകടത്തിൽപെട്ട് മൂന്ന് ഇന്ത്യക്കാർ മരിച്ചു. മലയാളികൾക്കടക്കം പരിക്കേറ്റിട്ടുണ്ട്.
അബുദബി അൽ ഫയ ഭാഗത്തേക്കുള്ള സൈഹ് ശുഐബ് ട്രക്ക് റോഡിൽ ചൊവ്വാഴ്ച പുലർച്ച ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് ഇന്ത്യക്കാർ മരിച്ചത്. മൂന്നുപേർക്ക് സാരമായ പരിക്കേറ്റു.ഉത്തർപ്രദേശ് സ്വദേശി നരസിങ് നിഷാദ് (42), തമിഴ്നാട് സ്വദേശി രാമലിംഗം തങ്കവേലു (50), ആന്ധ്രപ്രദേശ് സ്വദേശി രാജ റാം (26) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ബിജുകുമാർ (35), പഞ്ചാബ് സ്വദേശി ഗുർദിയാൽ സിങ് (45) എന്നിവരെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു.
നിസ്സാര പരിക്കേറ്റ രാം ചരനെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. അബൂദബി പൊലീസ് മൃതദേഹം ബനിയാസിലെ സെൻട്രൽ മോർച്ചറിയിലേക്ക് മാറ്റി. മിനി ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്ന് അബൂദബി പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു.
പുലർവേളയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞുമൂലം ദൂരക്കാഴ്ച മോശമായതിനെ തുടർന്ന് നാഹലിൽ ട്രക്ക് റോഡിൽ ഒട്ടകങ്ങളുമായി ഒരു ബസ് കൂട്ടിയിടിച്ചും മറ്റൊരു അപകടമുണ്ടായി. ഈ അപകടത്തിൽ ആർക്കും പരിക്കില്ല. ദുബൈയിൽ രാത്രി 12 മുതൽ രാവിലെ ഒമ്പത് മണിവരെയുള്ള സമയത്തിനിടെയാണ് 29 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണം. ഗതാഗതവും മന്ദഗതിയിലായി.
മുന്നറിയിപ്പുമായി പൊലീസ്
അപകടം പെരുകിയതോടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദൻ പറഞ്ഞു. മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ലൈറ്റുകൾ ഉപയോഗിക്കരുത്. ഒരു വരിയിൽനിന്ന് മറ്റൊരു വരിയിലേക്ക് മാറുേമ്പാൾ കൃത്യമായ സൂചന നൽകണം. വേഗം കുറച്ച് കൂടുതൽ സമയമെടുത്ത് യാത്ര ചെയ്യണം. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.