മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്
text_fieldsദുബൈ: തുടർച്ചയായി മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. റോഡിൽ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, അപകടങ്ങൾ ഒഴിവാക്കുന്നതിന് ശ്രദ്ധയുണ്ടാവുക എന്നീ നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്.
തണുപ്പുകാലത്തിന്‍റെ തുടക്കമായതിനാൽ ഈ മാസങ്ങളിൽ അപ്രതീക്ഷിതമായി കാലാവസ്ഥയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശരിയായ ശ്രദ്ധയുണ്ടാകണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ പ്രസ്താവനയിൽ പറഞ്ഞു. യാത്ര പുറപ്പെടുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കാൻ സമയം കണ്ടെത്തണം. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കുകയും വേഗത നിർദേശിക്കപ്പെട്ട രൂപത്തിൽ മാത്രമായി ചുരുക്കുകയും വേണം.
പാതകൾ മാറുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിച്ച് കൃത്യമായ മുന്നറിയിപ്പ് മറ്റു വാഹനങ്ങൾക്ക് നൽകുകയും വേണം. യാത്രക്ക് ആവശ്യമായതിലും കൂടുതൽ സമയം കരുതുകയും സാധ്യമെങ്കിൽ മൂടൽമഞ്ഞ് തെളിയുന്നതുവരെ കാത്തിരിക്കുകയും വേണം -അദ്ദേഹം ആവശ്യപ്പെട്ടു. മൂടൽമഞ്ഞ് വർധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് വർധിപ്പിക്കാനും വാഹനങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.