മൂടൽ മഞ്ഞ് വീണ്ടും വിമാന സർവീസുകളെ ബാധിച്ചു
text_fieldsദുബൈ: മൂടൽമഞ്ഞ് കനത്തതോടെ യു.എ.ഇയിൽ വിമാന സർവീസുകൾ വീണ്ടും താളം തെറ്റി. അടുത്ത ഏതാനും ദിവസങ്ങൾ കൂടി ഇതേനില തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 23 നും സമാനമായ സ്ഥിതിവിശേഷം ഉണ്ടായിരുന്നു. അന്ന് രാജ്യത്തെ മിക്ക വിമാനത്താവളങ്ങളെയും മൂടൽമഞ്ഞ് ബാധിച്ചിരുന്നു. അബൂദബിയും ദുബൈയുമാണ് ഏറെ ബുദ്ധിമുട്ടിയത്. ഇക്കുറി ദുബൈ വിമാനത്താവളത്തെയാണ് പ്രതികൂല കാലാവസ്ഥ കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇങ്ങോട്ടുള്ള മിക്ക വിമാനങ്ങളും വൈകി. ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. എത്ര വിമാനങ്ങളെ ബാധിച്ചു എന്ന് ഒൗദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. എങ്കിലും നൂറിലേറെ വിമാനങ്ങൾ വൈകിയിട്ടുണ്ടെന്നാണ് സൂചന. മാഞ്ചസ്റ്റർ, ബെർമിങ്ഹാം, ലണ്ടൻ, ജയ്പൂർ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളെല്ലാം വൈകിയിട്ടുണ്ട്. അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കൊരുങ്ങുന്നവർ കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ യാത്രാസമയം മുൻകൂട്ടി മനസിലാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.