ഫുഡ് ബാങ്ക് റമദാനിൽ വിതരണം ചെയ്തത് 50 ലക്ഷം ഭക്ഷണപ്പൊതികൾ
text_fieldsദുബൈ: വിശപ്പുരഹിത സമൂഹം സൃഷ്ടിക്കുന്നതിനായി 2017 ജനുവരിയിൽ ആരംഭിച്ച യു.എ.ഇ ഫുഡ് ബാങ്ക് വഴി ഇക്കഴിഞ്ഞ റമദാനിൽമാത്രം വിതരണം ചെയ്തത് 50 ലക്ഷം ഭക്ഷണപ്പൊതികൾ.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ത് ബിൻത് ജുമാ ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഭക്ഷണവിതരണം ഒരുക്കിയത്.
ഫുഡ്ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർവിമൻ കൂടിയാണ് ശൈഖ ഹിന്ദ്. റമദാനിൽ 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം ലഭിച്ചതോടെയാണ് 50 ലക്ഷത്തിലെത്തിയത്. ഇതോടെ പദ്ധതി ആരംഭിച്ച ശേഷം വിതരണം ചെയ്യുന്ന ഭക്ഷ്യപ്പൊതികളുടെ എണ്ണം അഞ്ചുകോടി പിന്നിട്ടു.
ലോകത്താകമാനം യു.എ.ഇ പ്രചരിപ്പിക്കുന്ന ജീവകാരുണ്യ കാഴ്ചപ്പാടിനെ ഇമാറാത്തി സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് പദ്ധതിയുടെ മികച്ച പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നതെന്ന് ഫുഡ്ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
സന്നദ്ധപ്രവർത്തകരുമായും സംഘടനകളായും സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഹോട്ടലുകൾ, റസ്റ്റാറന്റ്, ഇഫ്താർ ടെന്റുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് തുടക്കം മുതൽ 161 ധാരണപത്രങ്ങൾ ഫുഡ് ബാങ്ക് ഒപ്പുവെച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാമ്പയിനുകൾ, വർക്ഷോപ്പുകൾ, ബോധവത്കരണ കാമ്പയിനുകൾ എന്നിവയും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
ആഗോളതലത്തിൽ ദാരിദ്രവും വിശപ്പും ഇല്ലാതാക്കുന്നതിന് സഹായമാകുന്നതിനാണ് ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന് കീഴിലാണിത് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.