ഭക്ഷ്യ മാലിന്യങ്ങൾ 30 ശതമാനം കുറക്കാൻ പദ്ധതിയിട്ട് ഫുഡ് ബാങ്ക്
text_fieldsദുബൈ: രാജ്യത്ത് ഓരോ ദിവസവും പാഴാക്കപ്പെടുന്ന ഭക്ഷണ പദാർഥങ്ങളുടെ അളവ് നാലുവർഷത്തിനുള്ളിൽ 30 ശതമാനം കുറച്ച് കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന പുതിയ പദ്ധതിയുമായി യു.എ.ഇ ഫുഡ് ബാങ്ക്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ ഭാര്യയും യു.എ.ഇ ഫുഡ് ബാങ്ക് ചെയർപേഴ്സനുമായ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമ ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ പദ്ധതി രൂപവത്കരിച്ചത്.
2023-2027 കാലയളവിലേക്കുള്ള ഫുഡ്ബാങ്കിന്റെ പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ ഫുഡ് ബാങ്കിന്റെ പ്രവർത്തനം കൂടുതൽ ഡിജിറ്റലൈസ് ചെയ്യാനും ആലോചനയുണ്ട്. ആഗോള തലത്തിൽ പ്രതിവർഷം ദശലക്ഷക്കണക്കിന് ടൺ ഭക്ഷണം പാഴാക്കപ്പെടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ലോകത്ത് ഹരിതഗൃഹ വാതകങ്ങൾ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്രധാന ഉറവിടങ്ങളിൽ ഒന്നാണ് ഭക്ഷ്യമാലിന്യം.
ഇത് കുറക്കാനായാൽ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങൾ വരുത്താനാകുമെന്നാണ് പ്രതീക്ഷ. 2017ൽ ആരംഭിച്ച ഫുഡ് ബാങ്ക് വഴി ഇതിനകം 55 ദശലക്ഷം ഭക്ഷ്യോൽപന്നങ്ങളാണ് ഗുണഭോക്താക്കളിലെത്തിയത്. ഇതുവഴി 55,000 ടൺ ഭക്ഷണപദാർഥങ്ങൾ മാലിന്യമാകുന്നത് ഒഴിവാക്കാനായെന്നും ഫുഡ് ബാങ്ക് അധികൃതർ അറിയിച്ചു. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സെൻട്രൽ കിച്ചനുകൾ, സന്നദ്ധ സംഘടനകൾ, മറ്റ് ഭക്ഷണ വിതരണ കമ്പനികൾ തുടങ്ങി 200ലധികം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇക്കഴിഞ്ഞ റമദാനിൽ മാത്രം രാജ്യത്തിനകത്തും പുറത്തുമായുള്ള അഞ്ചുലക്ഷം കുടുംബങ്ങൾക്കും 2.6 ദശലക്ഷം തൊഴിലാളികൾക്കുമായി 5.1 ദശലക്ഷം ഭക്ഷണപദാർഥങ്ങളാണ് ഫുഡ് ബാങ്ക് വിതരണം ചെയ്തത്. 720 വളന്റിയർമാർ ഇതിനായി സേവനമനുഷ്ഠിച്ചതായും ഫുഡ് ബാങ്ക് അധികൃതർ അറിയിച്ചു. ഫുഡ് ബാങ്ക് ആരംഭിച്ച ശേഷം ഇതുവരെ 3,67,409 കിലോ ഭക്ഷ്യമാലിന്യങ്ങൾ പുനഃചക്രമണം നടത്തി 73 ടൺ വളം നിർമിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.