അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ച് ‘യു.എ.ഇ ഫുഡ് ബാങ്ക്’
text_fieldsദുബൈ: അരവയർ നിറക്കാൻ ത്രാണിയില്ലാത്തവർക്ക് കരുണയുടെ കരംനീട്ടിക്കൊണ്ട് 2017 ജനുവരിയിൽ ആരംഭിച്ച യു.എ.ഇ ഫുഡ് ബാങ്ക് വഴി ഭക്ഷണപ്പൊതികൾ ലഭിച്ചവരുടെ എണ്ണം അഞ്ചുകോടി പിന്നിട്ടു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ത് ബിൻത് ജുമാ ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് ജീവകാരുണ്യ പദ്ധതികൾ പൂർത്തിയാക്കിയതെന്നും ഫുഡ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്രി പറഞ്ഞു. ഫുഡ്ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർവിമൻ കൂടിയാണ് ശൈഖ ഹിന്ദ്.
സന്നദ്ധപ്രവർത്തകരുമായും സംഘടനകളുമായും സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഹോട്ടലുകൾ, റസ്റ്റാറന്റ്, ഇഫ്താർ ടെന്റുകൾ തുടങ്ങിയവയുമായി സഹകരിച്ച് റമദാനിൽ മാത്രം 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് തുടക്കം മുതൽ 161 ധാരണപത്രങ്ങൾ ഫുഡ് ബാങ്ക് ഒപ്പുവെച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാമ്പയിനുകൾ, വർക്ഷോപ്പുകൾ, ബോധവത്കരണ കാമ്പയിനുകൾ എന്നിവയും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
ആഗോളതലത്തിൽ ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കുന്നതിന് സഹായമാകുന്നതിനാണ് ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവിന് കീഴിലാണിത് പ്രവർത്തിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിനാണ് ബോധവത്കരണ കാമ്പയിനുകൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. പ്രകൃതിദുരന്ത ഭൂമികളിലും മറ്റും പ്രത്യേകമായ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ദുബൈയിൽ എല്ലാ വർഷവും സംഘടിപ്പിക്കപ്പെടുന്ന ഗൾഫുഡ് എക്സിബിഷൻ അടക്കം വിവിധ അന്താരാഷ്ട്ര പരിപാടികളിലും സ്ഥിരസാന്നിധ്യവുമാണ്.
നേരത്തെ യു.എ.ഇ പ്രഖ്യാപിച്ച 10 മില്യൺ മീൽസ് കാമ്പയിനിൽ ഫുഡ് ബാങ്ക് 28 ലക്ഷം ഭക്ഷണപ്പൊതികളും 100 മില്യൺ മീൽസ് കാമ്പയിനിൽ ഒരുകോടി ഭക്ഷണപ്പൊതികളും കഴിഞ്ഞ വർഷത്തെ വൺ ബില്യൺ മീൽസ് കാമ്പയിനിൽ 25 ലക്ഷം ഭക്ഷണപ്പൊതികളും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്തിരുന്നത്. യു.എ.ഇ ഫുഡ് ബാങ്കിന് നിലവിൽ അൽ ഖൂസ്, മുഹൈസിന, ജബൽ അലി, റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലായി ആറു ബ്രാഞ്ചുകളാണുള്ളത്. സംരംഭം വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നത് ദുബൈ മുനിസിപ്പാലിറ്റിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.