ഭക്ഷ്യവിതരണം: യൂനിയൻ കൂപ്പും ദുബൈ മുനിസിപ്പാലിറ്റിയും ധാരണയിൽ
text_fieldsദുബൈ: എമിറേറ്റിലെ ഭക്ഷ്യ വിതരണ ശൃംഖല ശക്തിപ്പെടുത്താൻ യു.എ.ഇയിലെ പ്രമുഖ ചെറുകിട വ്യാപാരികളായ യൂനിയൻ കൂപ്പുമായി ദുബൈ മുനിസിപ്പാലിറ്റി ധാരണയിലെത്തി. ദുബൈയിലെ പ്രാദേശിക വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരമായ വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂപ്പുമായുള്ള സഹകരണം ദുബൈയിലെ ഭക്ഷ്യവിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ദുബൈയുടെ ഭക്ഷ്യ സുരക്ഷ നയത്തിന്റെ ഭാഗമായുള്ള ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുതിയ കരാർ സഹായകമാവും.
ദുബൈ മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജൻസി ആക്ടിങ് സി.ഇ.ഒ ആലിയ അൽ ഹർമൂദിയും യൂനിയൻ കൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജർ സുഹൈൽ അൽ ബസ്താക്കിയുമാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്. പ്രാദേശിക വിപണിയിൽ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലെന്ന് ഉറപ്പുവരുത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ആലിയ അൽ ഹർമൂദി പറഞ്ഞു. ഭക്ഷ്യ സംവിധാനങ്ങളിൽ നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ കാര്യക്ഷമമായി നേരിടുന്നതിനുള്ള അടിയന്തര പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാനും കരാർ സഹായകമാവും.
പ്രധാന വ്യാപാരികളെയും അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിതരണക്കാരെയും തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ടം ആരംഭിച്ചതായും ഭക്ഷ്യ വിതരണ ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് കൂടുതൽ വ്യാപാരികളെയും പ്രധാന വിതരണക്കാരെയും ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.