ഭക്ഷ്യവ്യാപാര രംഗം; വൻ കുതിപ്പുമായി ദുബൈ
text_fieldsദുബൈ: ഭക്ഷ്യ വ്യാപാര രംഗത്ത് വൻ കുതിപ്പ് നടത്തി ദുബൈ എമിറേറ്റ്. ദുബൈ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ കയറ്റിറക്ക് സംവിധാനത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 11 ലക്ഷം ഭക്ഷ്യവസ്തുക്കൾ. ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും പ്രധാന ഫുഡ് ഹബ്ബുമായ ദുബൈ എമിറേറ്റിലെ ഭക്ഷ്യ ഔട്ട്ലെറ്റുകളിൽ പ്രതിവർഷം 160 രാജ്യങ്ങളിൽനിന്നായി 80 ലക്ഷത്തിലധികം ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചേരുന്നത്.
ഇതിൽ വലിയ വിഭാഗം ഉൽപന്നങ്ങളും ഇവിടെ നിന്ന് മൂല്യവർധിത ഉൽപന്നങ്ങളാക്കിയും സംസ്കരിച്ചും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഭക്ഷ്യസംസ്കരണ രംഗത്ത് 23,400ലധികം സ്ഥാപനങ്ങൾ ദുബൈയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുവഴി 30,000ത്തിലധികം തൊഴിലാളികളും ജോലി ചെയ്യുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ മുന്തിയ പരിഗണനയാണ് ദുബൈ മുനിസിപ്പാലിറ്റി നൽകുന്നതെന്നും ഭക്ഷ്യസുരക്ഷ സംവിധാനത്തിന്റെ സമഗ്രത നിലനിർത്തുന്നതിന് നിരവധി നടപടികൾ പിന്തുടരുന്നതായും ഭക്ഷ്യസുരക്ഷ വകുപ്പ് ആക്ടിങ് ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു. ആഗോള ഭക്ഷ്യസുരക്ഷ സംവിധാനം വളരെ സങ്കീർണമാണ്.
അതോടൊപ്പം മനപ്പൂർവവും അല്ലാതെയും ഈ മേഖല മലിനീകരണത്തിന് ഇരയാകുകയും ചെയ്യുന്നതിനാൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് എപ്പോഴും മുനിസിപ്പാലിറ്റിയുടെ ശ്രമം. ഭക്ഷണത്തിൽ മായം ചേർക്കുന്നതു തടയുന്നതിന് പ്രത്യേക നിയന്ത്രണ നടപടികൾ വികസിപ്പിക്കുകയും ചെയ്തതായും അൽ താഹിർ കൂട്ടിച്ചേർത്തു. 17ാമത് ദുബൈ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനം നവംബർ 27 മുതൽ 29 വരെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.