ഭക്ഷ്യ ഉൽപാദനം, സുസ്ഥിര ക്ഷേമം; അബൂദബിയിൽ 1536 ഫാമുകള്‍ക്ക് അംഗീകാരം
text_fieldsഅബൂദബി: ഭക്ഷ്യ ഉൽപാദനത്തിലും സുസ്ഥിരതയിലും തൊഴിലാളി, മൃഗക്ഷേമത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന എമിറേറ്റിലെ 1536 ഫാമുകള്‍ക്ക് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അംഗീകാരം. ഗ്ലോബല്‍ ഗുഡ് അഗ്രികള്‍ചറല്‍ പ്രാക്ടീസസ് പദ്ധതിയുടെ ഭാഗമായ അബൂദബി ഗുഡ് അഗ്രികള്‍ചറല്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റാണ് ഫാമുകള്‍ക്ക് നല്‍കിയത്.
ഇവയില്‍ 751 ഫാമുകള്‍ അബൂദബിയിലും 521 എണ്ണം അല്‍ഐനിലും 254 ഫാമുകള്‍ അൽദഫ്ര മേഖലയിലുമാണുള്ളത്. അംഗീകാരം ലഭിച്ച ഫാമുകള്‍ക്ക് അധികൃതരില്‍നിന്ന് ഭക്ഷ്യ ഉൽപാദനത്തിലടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ ഇതിലൂടെ ഫാമുകള്‍ക്ക് കഴിയും.
ഉൽപാദനരീതികള് അടക്കമുള്ള അനേകം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അധികൃതര്‍ അംഗീകാരം നല്‍കിയത്. മേഖലയിലെ മൃഗാരോഗ്യ പരിചരണ രംഗത്ത് നവീനമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി മൃഗാരോഗ്യ പരിചരണ പ്ലാറ്റ്ഫോം അബൂദബിയില്‍ കഴിഞ്ഞവര്‍ഷം തുറന്നിരുന്നു. വാക്സിന് നിര്‍മാണകേന്ദ്രവും രണ്ട് വെറ്ററിനറി ആശുപത്രികളുമാണ് ആരംഭിച്ചത്. ഇതിലൂടെ കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും മികച്ച ചികിത്സ നല്‍കാനുള്ള സംവിധാനമാണ് ഉണ്ടായത്. മൃഗങ്ങള്‍ക്കുള്ള വാക്സിനുകള്‍ നിര്‍മിച്ച് പശ്ചിമേഷ്യയിലും ആഫ്രിക്കയിലും വിതരണം ചെയ്യാനുള്ള പദ്ധതിയും പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. അബൂദബി ആസ്ഥാനമായ എ.ഡി.ക്യു, ഇ-20 ഇന്‍വെസ്റ്റ്മെന്റ്സ് എന്നീ കമ്പനികള്‍ തമ്മിലുള്ള കരാര്‍പ്രകാരമാണ് അബൂദബിയില്‍ മൃഗാരോഗ്യ പരിചരണ പ്ലാറ്റ്ഫോം സാധ്യമാക്കിയത്.
ജൈവസുരക്ഷ, മൃഗ പ്രതിരോധശേഷി വർധിപ്പിക്കല്‍, രോഗവ്യാപനം തടയൽ തുടങ്ങിയവ ലക്ഷ്യമിട്ട് അബൂദബിയില്‍ മൃഗങ്ങള്‍ക്ക് വാക്സിനേഷനും നടത്തിവരുന്നുണ്ട്. ചെമ്മരിയാടുകള്‍, ആടുകള്‍, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ വിവിധ തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളാണ് എടുക്കുക.
വെറ്ററിനറി മരുന്നുകളുടെ ഉപയോഗം കുറക്കുക, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ രോഗങ്ങള്‍ ഇല്ലാതാക്കുക, കന്നുകാലി മേഖല വികസിപ്പിക്കുക, ഭക്ഷ്യസുരക്ഷ സംവിധാനം നിലനിര്‍ത്തുക തുടങ്ങിയവയാണ് വാക്സിനേഷന് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.