ഭക്ഷ്യവസ്തുക്കളിൽ പുഴുക്കളെന്ന പ്രചാരണം വ്യാജം -അധികൃതർ
text_fieldsഅബൂദബി: വിൽപനക്കുവെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ പുഴുക്കളും കീടങ്ങളുമുണ്ടെന്ന പ്രചാരണം തള്ളി അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. യു.എ.ഇ വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളെക്കുറിച്ച വ്യാജ പ്രചാരണങ്ങള്‍ സംബന്ധിച്ചാണ് അധികൃതരുടെ ഔദ്യോഗിക പ്രതികരണം.
രാജ്യത്ത് വില്‍ക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങള്, ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നതാണെന്ന് ബന്ധപ്പെട്ട മന്ത്രാലയം പരിശോധിക്കുന്നതാണെന്നും എല്ലാ ഭക്ഷ്യവസ്തുക്കളും ‘ഹലാല്‍’ ആണെന്ന് മന്ത്രാലയം ഉറപ്പുവരുത്താറുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ചില ഭക്ഷ്യ ഉല്പന്നങ്ങളില് യൂറോപ്യന്‍ രാജ്യങ്ങള്‍ കീടങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കുന്നുവെന്ന സമൂഹ മാധ്യമ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്. കീടങ്ങളും പുഴുക്കളും അനുവദനീയമല്ലാത്ത ഭക്ഷണങ്ങളാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ജനുവരി മുതല്‍ ഭക്ഷ്യ ഉൽപന്നങ്ങളില് കീട പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ടാണ് യു.എ.ഇയില്‍ കുപ്രചാരണങ്ങള്‍ തുടങ്ങിയത്. പഴത്തിനുള്ളില്‍ പുഴുവിനെ കണ്ടെത്തിയതായി മുമ്പ് പ്രചരിച്ച വിഡിയോ വ്യാജമാണെന്ന് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി കണ്ടെത്തിയിരുന്നു. സൊമാലി പഴത്തില്‍ പുഴുക്കള്‍ കണ്ടെത്തിയെന്ന രീതിയിലാണ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഏതുവിധ ഭക്ഷ്യവസ്തുക്കളുടെയും പഴങ്ങളുടെയും പച്ചക്കറികളുടെയും സുരക്ഷിതത്വം പരിശോധിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ കമ്യൂണിക്കേഷന്‍ ആൻഡ് കമ്യൂണിക്കേഷന്‍ സര്‍വിസ് വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് സല്മാന് അല്‍ ഹമ്മാദി ഇതുസംബന്ധിച്ച് പ്രതികരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.