ആകാശത്ത് പാറിപ്പറന്ന് ഭക്ഷ്യ സുരക്ഷ ബോധവത്കരണം
text_fieldsദുബൈ: ഭക്ഷ്യസുരക്ഷ അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് വ്യത്യസ്ത കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി. സീനിയർ ഫുഡ് സേഫ്ടി സ്പെഷലിസ്റ്റായ ബോബി കൃഷ്ണയുടെ നേതൃത്വത്തിൽ സ്കൈ ഡൈവ് നടത്തിയാണ് വ്യത്യസ്ത പരിപാടിയൊരുക്കിയത്. ഭക്ഷ്യസുരക്ഷ വാരാചരണത്തിന്റെ ഭാഗമായിരുന്നു സ്കൈ ഡൈവ്. 'ഐ ലവ് ഫുഡ് സേഫ്ടി' എന്ന ടീഷർട്ട് ധരിച്ചായിരുന്നു മലയാളിയായ ബോബി കൃഷ്ണയുടെ വ്യത്യസ്ത ബോധവതക്രണം.
ആരോഗ്യ വിഷയങ്ങൾക്ക് മുൻഗണന നൽകാനും ഭക്ഷ്യസുരക്ഷ മുൻനിർത്തി നിക്ഷേപം വർധിപ്പിക്കാനുമുള്ള സമയമാണിതെന്ന് ബോബി കൃഷ്ണ പറഞ്ഞു. ചെറുവിമാനത്തിൽ പറന്നുയർന്നശേഷം സ്കൈഡൈവ് നടത്തുന്ന വിഡിയോയും ബോബി പങ്കുവെച്ചിട്ടുണ്ട്.
ഷവർമ വില്ലനാണോ?
ഷവർമ കഴിച്ച കുട്ടികൾ മരിച്ചത് കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ദുബൈ മുനിസിപ്പാലിറ്റിയിലെ സീനിയർ ഫുഡ് സേഫ്ടി സ്പെഷലിസ്റ്റ് ബോബി കൃഷ്ണ ഷവർമയുടെ അപകടസാധ്യതയെക്കുറിച്ച് പറയുന്നതിങ്ങനെ:
'ഷവർമയോടൊപ്പം ഉപയോഗിക്കുന്ന ഗാർലിക് പേസ്റ്റാണ് യഥാർഥ വില്ലൻ. ഇക്കാര്യത്തിൽ ഹോട്ടലുകാർക്ക് ദുബൈ മുനിസിപ്പാലിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്. ഗാർലിക് പേസ്റ്റിനൊപ്പം പച്ചമുട്ട ഉപയോഗിക്കുന്നതാണ് പ്രശ്നത്തിന് കാരണം. ഇവിടത്തെ നിയമമനുസരിച്ച് ഗാർലിക് പേസ്റ്റിനൊപ്പം പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല. പച്ചമുട്ടയിൽ സാൽമൊണെല്ല എന്ന ബാക്ടീരിയയുണ്ട്. കുറേ മുട്ട പൊട്ടിച്ച് മിക്സ് ചെയ്യുമ്പോൾ ബാക്ടീരിയ പെട്ടെന്ന് വളരും. ചിലർ മുട്ട ആവശ്യത്തിന് ചൂടാക്കാതെയായിരിക്കും കുക്ക് ചെയ്യുന്നത്. അതിനാൽ, മുട്ടയും ഗാർലിക് പേസ്റ്റും മിക്സ് ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണം.
ഭക്ഷ്യസുരക്ഷക്ക് ദുബൈ മുനിസിപ്പാലിറ്റി നിർദേശങ്ങൾ
- സുരക്ഷിത സ്ഥലങ്ങളിൽനിന്ന് മാത്രം ഭക്ഷണം വാങ്ങുക. ലൈസൻസുള്ള സ്ഥാപനമാണെന്ന് ഉറപ്പാക്കണം
- ഭക്ഷണം വാങ്ങിയശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ സൂക്ഷിക്കണം. എത്രയുംവേഗം വീട്ടിലെത്തിക്കണം. ചൂടുള്ള സമയത്ത് പാൽ, സാൻഡ്വിച് പോലുള്ളവ വൈകുന്നത് അപകടകരമാണ്.
- തണുത്ത ഭക്ഷണങ്ങൾ കഴിക്കാൻ വൈകുകയാണെങ്കിൽ ഫ്രിഡ്ജിലേക്ക് മാറ്റണം. ഉപയോഗത്തിന് തൊട്ടുമുമ്പ് മാത്രമെ പുറത്തെടുക്കാവൂ
- മത്സ്യം, മാംസം പോലുള്ളവ 75 ഡിഗ്രി സെൽഷ്യസിലോ അതിന് മുകളിലോ ചൂടാക്കണം. മുട്ടയും ശരിയായ വിധം പാചകംചെയ്തെന്ന് ഉറപ്പാക്കണം
- ഒഴുകുന്ന വെള്ളത്തിൽ പച്ചക്കറികളും പഴങ്ങളും കഴുകണം. സുരക്ഷിതവും ഗാർഹിക ഉപയോഗത്തിനായി നിർമിച്ചതുമായ സാനിറ്റൈസറുകൾ ഉപയോഗിക്കാം.
- മാംസ ഭക്ഷണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ചുറ്റുപാടും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
- മേശയുടെ പ്രതലങ്ങൾ, ബോർഡുകൾ, കത്തികൾ, സ്പോഞ്ചുകൾ എന്നിവ മലിനീകരണത്തിന്റെ ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പാക്കുക. ഓരോ വസ്തുക്കൾക്കും വെവ്വേറെ ചോപ്പിങ് ബോർഡുകളും കത്തികളും ഉപയോഗിക്കുക.
- ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ റസ്റ്റാറന്റിന്റെ നിലവാരം പരിശോധിക്കാം. ഇതിനായി ദുബൈ മുനിസിപ്പാലിറ്റിയുടെ ആപ്പ് ഉപയോഗിക്കാം. ഇതിൽ ഹോട്ടലുകളുടെ ഭക്ഷ്യസുരക്ഷ ഗ്രേഡ് നൽകിയിട്ടുണ്ട്.
- ഭക്ഷണത്തിൽ ചത്ത ഈച്ച ലഭിക്കുന്നതായി ചില ഉപഭോക്താക്കൾ പരാതി പറയാറുണ്ട്. പാചകം ചെയ്യുന്നതിന്റെ നേരെമുകളിൽ ഇലക്ട്രിക് ഫ്രൈ കില്ലർ വെക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. നിയമപ്രകാരം ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്തുനിന്ന് മാറ്റിവേണം ഇലക്ട്രിക് ഫ്രൈകില്ലർ വെക്കാൻ.
- ടേബിളിലെ മാലിന്യം വേസ്റ്റ് ബാസ്കറ്റിൽ ഇടുന്നതിന് പകരം താഴേക്ക് തട്ടിയിടുന്ന പതിവ് ചില ഹോട്ടലുകാരിൽനിന്നുണ്ടാകുന്നുണ്ട്. ഇതുമൂലം പരിസരം വൃത്തികേടാകാനും പാറ്റപോലുള്ളവ വരാനും കാരണമാകും. ഇത് ഒഴിവാക്കണം. രാത്രി സ്ഥാപനം അടക്കുന്നതിന് മുമ്പ് എല്ലാ ഭാഗവും വൃത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.