ഭക്ഷ്യസുരക്ഷ: 500 സ്കൂളുകളിൽ പരിശോധന
text_fieldsദുബൈ: പുതിയ അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ 500ലധികം സ്കൂളുകളിൽ സുരക്ഷ പരിശോധനകൾ നടത്തിയതായി ദുബൈ മുനിസിപ്പാലിറ്റി. പൊതു, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ കാന്റീനുകളിലും സ്റ്റോറുകളിലുമാണ് 350ലധികം തവണ പരിശോധന സംഘടിപ്പിച്ചത്.
സ്കൂൾ കാന്റീനുകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും അനുയോജ്യമായ സാഹചര്യങ്ങളിൽ ഭക്ഷണം സംഭരിക്കുന്നത് ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
അനുയോജ്യമായ താപനിലയിലാണോ കാന്റീനുകളിൽ ഭക്ഷണം തയാറാക്കുന്നത് എന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി. കൂടാതെ ഭക്ഷണം തയാറാക്കുന്നതിനായുള്ള പച്ചക്കറികൾ, പഴങ്ങൾ എന്നിവ പാക് ചെയ്യുന്നതിന് മുമ്പ് ശുചിത്വം ഉറപ്പുവരുത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ചും പരിശോധിച്ചിരുന്നു. കാന്റീനിലെ മിക്സർ ഗ്രൈൻഡർ, മൈക്രോ ഓവൻ, ജ്യൂസ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഗുണനിലവാരവും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിച്ചിരുന്നു.
സ്കൂൾ കാന്റീനുകളിൽ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന ഭക്ഷ്യനിലവാരം പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തിയ സംഘം ആരോഗ്യനിലവാരവും മുൻകരുതലുകളും അവർ പിന്തുടരുന്നുണ്ടെന്നും ഉറപ്പുവരുത്തി. പോഷകസമൃദ്ധവും സുരക്ഷിതവുമായ ആഹാരക്രമം ഉറപ്പുവരുത്തി സ്കൂൾ വിദ്യാർഥികൾക്ക് മികച്ച ജീവിത നിലവാരം ഉറപ്പുനൽകുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ചും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്കൂളുകളുടെ കാര്യക്ഷമതയും ഉദ്യോഗസ്ഥർ പരിശോധിച്ചു. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷക്കായി ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ച സുരക്ഷ, ശുചിത്വ മാനദണ്ഡങ്ങൾ കാന്റീൻ ജീവനക്കാർ പാലിക്കുന്നതും പരിശോധനയിൽ ഉറപ്പുവരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.