ഭക്ഷ്യസുരക്ഷ: കൂടുതൽ ബോധവത്കരണം അനിവാര്യം –ഫുഡ് സേഫ്റ്റി ഫോറം
text_fieldsദുബൈ: മഹാമാരിയുടെ കാലത്ത് ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ദുബൈ മുനിസിപ്പാലിറ്റിയുടെ വെർച്വൽ ഫുഡ് സേഫ്റ്റി ഫോറം. ലോക ഭക്ഷ്യസുരക്ഷ ദിനത്തിലാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഫോറം സംഘടിപ്പിച്ചത്.
'ആരോഗ്യകരമായ നല്ല നാളേക്കായി സുരക്ഷിതമായ ഭക്ഷണം' എന്ന ആശയത്തിലാണ് ഭക്ഷ്യ സുരക്ഷാദിനം ആചരിച്ചത്. ഭക്ഷ്യസുരക്ഷ മേഖലയിൽ കൂടുതൽ ബോധവത്കരണം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഫോറം സമാപിച്ചത്.രാജ്യത്തെ താമസക്കാരിലും പൗരൻമാരിലും സുരക്ഷിത ഭക്ഷണ ശീലമൊരുക്കാൻ ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി ആവിഷ്കരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി ഫോറം സംഘടിപ്പിച്ചത്.
ഭക്ഷ്യമേഖലയിലെ സംരംഭകർ, വിദഗ്ധർ, സർക്കാർ ജീവനക്കാർ, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ, അയർലൻഡിലെ ഫുഡ് സേഫ്റ്റി അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഭക്ഷ്യസുരക്ഷ മേഖലയിലെ വികസനം ഫോറം ചർച്ച ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ സർക്കാർ, സ്വകാര്യ മേഖലകൾ ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത ഫോറം ഊന്നിപ്പറഞ്ഞു.
ഭക്ഷ്യസുരക്ഷയിൽ സർക്കാർ ഏജൻസികളുടെ പദ്ധതികൾ, നിയമലംഘനം ഒഴിവാക്കാൻ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ, മേഖലയിൽ ആവശ്യമായ നിയമനിർമാണം എന്നിവ വിഷയങ്ങളായി.ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പിന്തുടരണമെന്ന് യു.എൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സ്മാർട്ട് ഡിജിറ്റൽ മോണിറ്ററിങ്, ഡാറ്റാ അനാലിസിസ്, ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന പരിശോധനയിലൂടെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ഫോറത്തിെൻറ ഭാഗമായി വിവിധ സർക്കാർ ഏജൻസികളെ സമന്വയിപ്പിച്ച് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി ബോധവത്കരണ ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. മുനിസിപ്പാലിറ്റി, ആരോഗ്യവകുപ്പ്, ചേംബർ ഓഫ് കോമേഴ്സ്, സാമ്പത്തികകാര്യ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്ക് ബോധവത്കരണം നൽകി.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിവിധ എമിറേറ്റുകളെ പ്രതിനിധാനംചെയ്തെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷ വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.