ഫുട്ബാൾ ലോകകപ്പ് : ദുബൈ ഹോട്ടലുകൾ നിറയും
text_fieldsദുബൈ: ഖത്തറിൽ ഈ വർഷാവസാനം വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ദുബൈയിലെ ഹോട്ടലുകൾക്ക് നല്ലകാലമാകും. നഗരത്തിലെ ഹോട്ടലുകളിൽ ലോകകപ്പ് ദിവസങ്ങളിലേക്ക് ബുക്കിങ്ങിന് ഇപ്പോൾതന്നെ തിരക്ക് ആരംഭിച്ചിരിക്കയാണ്. യു.എ.ഇയിൽനിന്ന് ഓരോ ദിവസവും കളികാണാൻ പോകാൻ വിവിധ വിമാനക്കമ്പനികൾ ഷട്ട്ൽ സർവിസുകൾകൂടി ഏർപ്പെടുത്തിയതോടെയാണ് തിരക്ക് വർധിച്ചത്.
വിവിധ രാജ്യക്കാരുടെ ആരാധകർ കൂട്ടമായിതന്നെ പല ഹോട്ടലുകളും ബുക്ക് ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ രാജ്യത്ത് ആദ്യമായാണ് ലോകകപ്പ് എത്തുന്നതെന്നതിനാൽ ആരാധകർ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശിക്കാനും അവസരം ഉപയോഗപ്പെടുത്തും.
മേഖലയിലെ ഏറ്റവും സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിലാണ് ദുബൈ പലരും താമസത്തിന് തെരഞ്ഞെടുക്കുന്നത്. നഗരത്തിലെ കാഴ്ചകൾ കാണാൻ കൂടി ഇവിടെ ഹോട്ടലുകളിൽ തങ്ങുന്നത് സഹായിക്കുമെന്ന് പലരും കണക്കുകൂട്ടുന്നു. കൂടാതെ, ലോകത്ത് ഏതു ഭാഗത്തേക്കും സുഗമമായ സഞ്ചാര സൗകര്യമുണ്ടെന്നതും നഗരത്തിന്റെ മറ്റൊരു ആകർഷണീയതയാണ്. ലാറ്റിനമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ആരാധകരാണ് പ്രധാനമായും ഹോട്ടൽമുറികൾ ബുക്ക് ചെയ്യുന്നത്. ലോകകപ്പിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്ന രാജ്യക്കാരാണ് ഇവരിൽ കൂടുതലും. മിക്കവരും ഗ്രൂപ് ബുക്കിങ്ങാണ് തിരഞ്ഞെടുക്കുന്നത്.
ഖത്തറിൽ ബുക്കിങ് നേരത്തേതന്നെ തുടങ്ങിയതിനാൽ അടുത്ത ഓപ്ഷൻ എന്ന നിലയിലാണ് ദുബൈയെ തിരഞ്ഞെടുക്കുന്നത്. ആരാധക ഗ്രൂപ്പുകൾ നിലവിൽ സ്പെയിൻ, ബ്രസീൽ, അർജന്റീന, ജർമനി എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി നഗരത്തിൽ ഹോട്ടൽ ബുക്കിങ് നടത്തുന്നത്. പരമ്പരാഗതമായി എതിരാളികളായ ആരാധകരെ ഒരേ ഹോട്ടലുകളിൽ താമസിപ്പിക്കാതിരിക്കാനും അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. ആഘോഷവും വാക്തർക്കവും അതിരുവിടുന്നത് ഭയന്നാണിത്.
ദുബൈ, ഷാർജ എന്നിവിടങ്ങളിൽനിന്ന് ദോഹയിലേക്ക് എയർ അറേബ്യയും ഫ്ലൈദുബൈയും ലോകകപ്പ് ദിനങ്ങളിൽ 45ലധികം ഷട്ടിൽ ഫ്ലൈറ്റുകൾ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മത്സരങ്ങളുടെ നാലുമണിക്കൂർ മുമ്പ് ഖത്തറിൽ എത്തുകയും മത്സരം കഴിഞ്ഞ് നാലുമണിക്കൂറിനുശേഷം മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് യാത്ര. ലോകകപ്പ് കാലത്ത് മാച്ച് ടിക്കറ്റും ടൂറിസ്റ്റ് വിസയും കൈയിലുള്ളവർക്കു മാത്രമാണ് ഖത്തറിലേക്ക് യാത്രാനുമതിയുള്ളത്. ലോകകപ്പ് കാലത്ത് യു.എ.ഇയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വലിയ തിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിൽ രൂപപ്പെടുന്ന ഉണർവ് മറ്റു വാണിജ്യ-വ്യവസായ മേഖലകളെയും സഹായിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.