പുതുമയുള്ള ഉല്ലാസ യാത്രക്ക് മലമടക്കുകളിലെ റാക് ഗുഹ
text_fieldsഗുഹാ സന്ദര്‍ശനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് റാക് മരുഭൂമലനിരയിലെ ഒരു ഗിരിഗന്ദരത്തിലേക്ക് ഉല്ലാസ യാത്രയാകാം. യു.എ.ഇയുടെ പൗരാണിക തലസ്ഥാനമായ റാസല്‍ഖൈമയിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ നടന്നു കയറാവുന്ന ഗുഹ. മലയാളികള്‍ക്ക് സുപരിചിതമായ എടക്കല്‍, നെല്ലിയാമ്പതി തുടങ്ങിയ ഗുഹകളെക്കുറിച്ച വര്‍ത്തമാനങ്ങളില്‍ കാടും നീര്‍ച്ചാലുകളും തുടങ്ങി പ്രകൃതിരമണീയതകളാണ് നിറയുന്നതെങ്കിൽ പാറക്കെട്ടുകള്‍ക്കും ഉരുളന്‍ കല്ലുകള്‍ക്കുമൊപ്പം പ്രകൃതിയുടെ അതുല്യമായ രൂപകൽപനകളുടെ ആസ്വാദനം സാധ്യമാകുന്നതാണ് റാക് ഗുഹ.
സമുദ്രനിരപ്പില്‍ നിന്ന് 200 അടി ഉയരത്തിലുള്ള ഈ സ്വാഭാവിക ഗുഹ റാസല്‍ഖൈമയിലെ അല്‍ റഹബ ഡാമിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സാഹസിക സഞ്ചാരികള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ഇവിടെയിപ്പോൾ കല്പടവുകള് ഒരുക്കിയതിനാൽ കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ എത്തിപ്പെടാന്‍ സഹായിക്കും. ജലസംഭരണത്തിനൊപ്പം മല വെള്ളപ്പാച്ചിലില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംവിധാനിച്ചതാണ് അൽ റഹബ ഡാം. മരുഭൂമിയെ പോലെ ഊഷരമാണ് നിലവില്‍ ഡാമും പരിസരവും. പറവകളുടെ കളകളാരവം ഒഴിച്ചുനിര്‍ത്തിയാല്‍ വിജനമാണ് ഗുഹാവഴി. അല്‍ റഹബ ഡാം പിന്നിട്ട് കിലോ മീറ്ററുകള്‍ കഴിയുമ്പോള്‍ സ്വദേശിയുടെ ആട് വളര്‍ത്തല്‍ കേന്ദ്രമാണ് ആളനക്കമുള്ള ഏക കേന്ദ്രം. ആട് ഫാം കഴിഞ്ഞ് 800 മീറ്റര്‍ പിന്നിട്ടാല്‍ ഗുഹയിലേക്കുള്ള വഴിയായി.
കുറ്റമറ്റ രീതിയില്‍ പണികഴിപ്പിച്ച കല്‍പ്പടവുകള്‍ ബലിഷ്ഠമാണെങ്കിലും കൈവരികളില്ലാത്തതിനാല്‍ കയറ്റവും ഇറക്കവും ഏറെ ശ്രദ്ധയോടെ വേണം. ഗുഹക്ക് സമീപം അധികൃതര്‍ ശുചിമുറി ഒരുക്കിയിട്ടുണ്ട്. അകത്ത് വെളിച്ചം സംവിധാനിച്ചിട്ടുണ്ട്. ഭീമാകാരമായ പാറയാണ് മേല്‍ക്കൂര. സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഗുഹയുടെ പരിസരത്തെ പര്‍വ്വത നിര. തദ്ദേശീയരും വിദേശികളുമായ സാഹസിക വിനോദ സഞ്ചാരികളാണ് ഇവിടെ കൂടുതലും എത്തുന്നത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നിശബ്ദ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആസ്വാദ്യകരമായ അനുഭവം ഉറപ്പ്.
എങ്ങിനെയെത്താം?
അല്‍ റംസ്-അല്‍ ജീര് റൂട്ടില്‍ ദയാ ഫോര്‍ട്ട് സൂചിക കഴിഞ്ഞ് മുന്നോട്ട് സഞ്ചരിച്ചാല്‍ അല്റഹബ ഡാം സൂചിക കാണാം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒന്നര കിലോ മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ അല്റഹബ ഡാമിലേക്ക് ഇടതു വശത്തേക്ക് മറ്റൊരു ദിശാസൂചിക കാണും. ഇവിടെ നിന്ന് കരിങ്കല്‍ ചീളുകള്‍ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കണം. ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് അഭികാമ്യം. അല്റഹബ ഡാം എത്തുമ്പോള്‍ ഇടതു വശത്ത് റോഡ് ചുരുങ്ങുന്നതായി കാണിക്കുന്ന സൂചിക ലഭിക്കും. ഈ വഴിയിലൂടെ ആറ് കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ ഇടതുവശം ആട് വളര്‍ത്തല്‍ കേന്ദ്രം. ഒന്നര കി.മീറ്റര്‍ കൂടി മുന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ ഇടതു വശത്തായാണ് ഗുഹയിലേക്കുള്ള കല്പടവ്.
ശ്രദ്ധിക്കേണ്ടത്
യാത്രയില്‍ ഭക്ഷണവും വെള്ളവും നിര്‍ബന്ധമായും കരുതുക. സമീപ പ്രദേശത്ത് വീടോ സ്ഥാപനങ്ങളോ ഇല്ല. സുരക്ഷക്ക് പാദരക്ഷകളും നിര്‍ബന്ധം. ടിഷ്യു പേപ്പര്‍ ഉള്‍പ്പെടെ മാലിന്യങ്ങളൊന്നും അലക്ഷ്യമായി തള്ളരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.