ഗവേഷണത്തിനുണ്ടോ, അബൂദബി സഹായിക്കും
text_fieldsആരോഗ്യ രംഗത്ത് സുസ്ഥിരവും നവീനവുമായ ചുവടുവെപ്പുകള്‍ക്ക് സര്‍വ പിന്തുണയും നല്കുന്ന അബൂദബി മറ്റൊരു പദ്ധതിക്കു കൂടി തുടക്കം കുറിക്കുകയാണ്. ജീവനു തന്നെ വെല്ലുവിളിയാവുന്ന ഗുരുതര രോഗങ്ങളെ നേരിടാനുള്ള പരിഹാരങ്ങള്‍ക്കായി ഗവേഷണം നടത്താന്‍ തയാറാവുന്ന സംവിധാനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അധികൃതര്‍. ഹൃദ്രോഗ സംബന്ധമായും അര്‍ബുദം, അപൂര്‍വ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ മേഖലകളില്‍ ക്ലിനിക്കല്‍ ഗവേഷണ പദ്ധതികള്‍ നടത്തുന്നവര്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്നതാണ് ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി. സ്മാര്‍ട്ട് ആശുപത്രികള്‍ക്കായും ഗുരുതര രോഗങ്ങളെ നേരിടുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന നവീന സാങ്കേതിക ആശയങ്ങളും പരിഹാരങ്ങളും ഉള്ളവരെയും പദ്ധതി പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ പ്രൊജക്ടുകളുടെ സുസ്ഥിരതയും തുടര്‍ച്ചയും ഉറപ്പുവരുത്തുന്നതിനുള്ള ഉപദേശങ്ങളും ലഭിക്കും.
www.do-h.gov.a-e എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി അബൂദബിയിലെ ആരോഗ്യപരിചരണ കേന്ദ്രവുമായി അപേക്ഷകന് പങ്കാളിത്തമുറപ്പുവരുത്തണം. ആറ് ആഴ്ചക്കുള്ളില്‍ അപേക്ഷകള്‍ തിരഞ്ഞെടുക്കും. എന്നാല്‍ എത്രയാണ് ഗ്രാന്‍ഡ് നല്‍കുകയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അബൂദബി ആരോഗ്യവകുപ്പ്, അബൂദബി ആരോഗ്യ ഗവേഷണ സാങ്കേതികവിദ്യാ സമിതി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് അപേക്ഷകള്‍ വിലയിരുത്തുന്നത്. ആരോഗ്യ വകുപ്പിലെ ഗവേഷക വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അസ്മ അല്‍ മന്നയീയാണ് വിദഗ്ധസംഘത്തിന്റെ മേധാവി. എണ്ണ ഇതര മൊത്തആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ വിവിധ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന യു.എ.ഇ അടുത്തിടെ ആരോഗ്യ സുരക്ഷാ രംഗത്ത് അമേരിക്കയുമായി സഹകരിക്കാനും നടപടികള്‍ കൈക്കൊണ്ടിരുന്നു. അബൂദബി ക്ലിനിക്കല്‍ ട്രയലുകളുടെ മുന്‍നിര ലക്ഷ്യസ്ഥാനമായി മാറ്റുകയും ആരോഗ്യ വിഭാഗത്തിന്റെ ലക്ഷ്യമാണ്. 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്നതും സവിശേഷമായ സ്ഥാനവുമെല്ലാം അബൂദബിയിലേക്ക് അന്താരാഷ്ട്ര ലൈഫ് സയന്‍സ് കോര്‍പ്പറേഷനുകളെ ആകര്‍ഷിക്കാന്‍ അനുയോജ്യവുമാണ്. നിലവില്‍ അബൂദബിയിലെ വിവിധ ക്ലിനിക്കുകളിലായി 400 ഓളം ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എമിറേറ്റ് ജീനോം പ്രോഗ്രാം പ്രതിരോധം, വ്യക്തിപരമായ ആരോഗ്യ സംരക്ഷണം, സേവനങ്ങള്‍, രോഗികളുടെ വിവരങ്ങള്‍ ഏകീകരിക്കുന്നത് അടക്കമുള്ള മലാഫി സംവിധാനവുമൊക്കെ ഇതിന്റെ അനുബന്ധമായി ഗവേഷകര്‍ക്ക് ഉപയോഗിക്കാനും സാധിക്കുന്നുണ്ട്.
അടുത്ത തലമുറയിലെ ഇമാറാത്തി ഫിസിഷ്യന്മാരെയും ആരോഗ്യ പരിപാലന ജോലിക്കാരെയും ഗവേഷകരെയും പരിശീലിപ്പിക്കാന്‍ സഹായിക്കുന്നതിന് യു.എസ് സര്‍വകലാശാലകള്‍ പ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഈ പങ്കാളിത്തങ്ങള്‍ യു.എ.ഇയുടെ വിദ്യാഭ്യാസ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഗുണകരമാവും. കാന്‍സര്‍ ചികിത്സയിലെ നാനോ ടെക്നോളജി, ജീന്‍ എഡിറ്റിങ്, സെല്ലുലാര്‍ തെറാപ്പിറ്റിക്സ് തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ ഉപയോഗിക്കുന്നതിനും ആരോഗ്യ വിഭാഗം ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.