യാത്രക്കാരുടെ ശ്രദ്ധക്ക്; ടെർമിനൽ ഒന്ന് ഇന്ന് തുറക്കും
text_fieldsദുബൈ: പതിനഞ്ച് മാസങ്ങൾക്ക് ശേഷം ദുബൈ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ വ്യാഴാഴ്ച തുറക്കും. കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ടെർമിനലുകളിൽനിന്ന് പുറപ്പെട്ടിരുന്ന ചില വിമാനങ്ങൾ ഇന്ന് മുതൽ ടെർമിനൽ ഒന്നിൽനിന്നായിരിക്കും സർവിസ് നടത്തുക. ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഇൻഡിഗോ അടക്കം വിമാനങ്ങൾ ഒന്നാം നമ്പർ ടെർമിനലിൽനിന്നായിരിക്കും പുറപ്പെടുക. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ടെർമിനൽ രണ്ടിൽതന്നെ സർവിസ് തുടരും. യാത്രക്ക് മുമ്പ് ടെർമിനൽ ഉറപ്പാക്കണമെന്ന് എയർലൈനുകൾ അറിയിച്ചു. ഈ മാസം അവസാനത്തോടെ മാത്രമേ സർവിസ് പുനഃക്രമീകരണം പൂർത്തിയാകൂ.
ടെർമിനൽ ഒന്നിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ റീടെയിൽ ഓപറേറ്റർമാരായ ദുബൈ ഡ്യൂട്ടി ഫ്രീ കഴിഞ്ഞ വർഷം 250 കോടി ദിർഹമിെൻറ വിറ്റുവരവാണ് നേടിയത്.വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് ഒന്നാം നമ്പർ ടെർമിനൽ വീണ്ടും തുറക്കാൻ തീരുമാനിച്ചത്. 3500ഓളം പുതിയ ജോലികളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്. 66 എയർലൈനുകളാണ് ടെർമിനൽ ഒന്നിൽനിന്ന് ഓപറേറ്റ് ചെയ്യുക. ഇതോടെ കൂടുതൽ ജീവനക്കാരെ വേണ്ടിവരും.
നേരത്തെ നിർത്തിവെച്ചിരുന്ന ചില ജോലികൾ പുനരാരംഭിക്കുന്നതിനൊപ്പം കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. എക്സ്പോ ഉൾപ്പെടെയുള്ള രാജ്യാന്തര മേളകളും തുടങ്ങാനിരിക്കുകയാണ്. യാത്രാവിലക്ക് നീങ്ങിയാൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാരും എത്തും. ദുബൈ വിമാനത്താവളത്തിലെത്തുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കോവിഡിനെ തുടർന്ന് വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ വർഷം മാർച്ചിലാണ് ടെർമിനൽ അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.