അറിവിന്‍റെ ആഘോഷത്തിന് ഫെബ്രുവരിയിൽ കൊടിയേറ്റം
text_fieldsദുബൈ: രണ്ടു വർഷം മുമ്പ് വിദ്യാഭ്യാസ ലോകം ഇങ്ങനെയായിരുന്നില്ല. മഹാമാരിയുടെ നാളുകൾ ആധുനിക വിദ്യാഭ്യാസ മേഖലയെ അത്രമേൽ മാറ്റിമറിച്ചിരിക്കുന്നു. വർഷങ്ങൾക്കപ്പുറം സംഭവിക്കേണ്ട സമ്പൂർണ ഡിജിറ്റലൈസേഷനും ഓൺലൈൻ പഠനവുമെല്ലാം ചെറിയ ക്ലാസുകൾ മുതൽ ഏറ്റെടുത്തിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥാപനങ്ങളിലെ ഇന്‍റർവ്യൂവും പരീക്ഷകളുമെല്ലാം ഗൾഫിലെ വീടകങ്ങളിലിരുന്ന് പൂർത്തിയാക്കാൻ പാകത്തിൽ വിദ്യാഭ്യാസ മേഖല മാറിക്കഴിഞ്ഞു.
അതിവേഗം മാറിമറിയുന്ന വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ പുതുചലനങ്ങളും ട്രെൻഡും സാധ്യതകളും അറിവും പകർന്നുനൽകാൻ 'ഗൾഫ് മാധ്യമം' എജുകഫേ ചെറിയൊരു ഇടവേളക്ക് ശേഷം തിരികെയെത്തുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മാർഗനിർദേശ പരിപാടിയായ എജുകഫെയുടെ ഏഴാം സീസൺ ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ അരങ്ങേറും. വിദ്യാഭ്യാസ, കായിക, തൊഴിൽ മേഖലയിലെ പ്രമുഖരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചോദക പ്രഭാഷകരും അണിനിരക്കുന്ന അറിവിന്‍റെ മഹാമേളക്ക് ദുബൈ മുഹൈസിനയിലെ ഇത്തിസാലാത്ത് അക്കാദമിയാണ് ഇക്കുറി വേദിയൊരുക്കുന്നത്.
ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പുല്ലേല ഗോപിചന്ദാണ് ഏഴാം സീസണിന്‍റെ മുഖ്യ ആകർഷണം. പ്രകാശ് പദുക്കോണിന് ശേഷം ലോക ബാഡ്മിന്റണിൽ ഇന്ത്യയുടെ പേരെഴുതിച്ചേർത്ത ഗോപിചന്ദിന്‍റെ അനുഭവങ്ങളും മാർഗനിർദേശങ്ങളും പുതുതലമുറയുടെ ഭാവിയിലേക്ക് വെളിച്ചമേകും. ഇന്ത്യൻ ദേശീയ ടീമിന്‍റെ ചീഫ് കോച്ചായ ഗോപിചന്ദ്, ഒളിമ്പിക്സ് ബാഡ്മിന്റണിലും ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് പൊൻതിളക്കമേകിയ പി.വി. സിന്ധുവിന്‍റെ പരിശീലകൻ കൂടിയാണ്. അറിവിന്‍റെ മായാജാലക്കഥകളുമായെത്തുന്ന മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് മറ്റൊരു മുഖ്യാതിഥി. മജീഷ്യൻ എന്നതിലുപരി മികച്ചൊരു പ്രചോദക പ്രഭാഷകൻ കൂടിയായ മുതുകാട് മനസ്സിന്‍റെ മാന്ത്രികതയെ കുറിച്ച് വിവരിക്കും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആരതി സി. രാജേന്ദ്രൻ, ടെക് സംരംഭകനും നിക്ഷേപകനും ടി.വി താരവുമായ അവെലോ റോയ്, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോ. ധന്യ മേനോൻ, വിവിധ വേദികളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത കരിയർ മെന്‍ററും എജു ഡോക്ടറുമായ മദീഹ അഹ്മദ് തുടങ്ങിയവർ സംവദിക്കാനെത്തും. ഉന്നത വിദ്യാഭ്യാസ മേഖലയിലെയും സ്കൂളുകളിലെയും വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, യൂനിവേഴ്സിറ്റി അധ്യാപകർ, പ്രിൻസിപ്പൾമാർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഇത്തിസാലാത്ത് അക്കാദമിയിലെ വേദിയിലെത്തും. കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളും അവരുടെ താൽപര്യങ്ങളും കണ്ടെത്തുകയും അവർക്ക് വഴികാട്ടിയാവുകയും ചെയ്ത ചരിത്രമാണ് എജുകഫേയുടെ ആറ് സീസണിൽ ദർശിച്ചത്. കഴിഞ്ഞ സീസണുകളുടെ വിജയമാണ് മഹാമാരിക്കിടയിലും പുതിയ സീസണുമായെത്താൻ 'ഗൾഫ് മാധ്യമ'ത്തിന്‍റെ പ്രചോദനം. കുട്ടികളുടെ ഭാവി ലക്ഷ്യമിടുന്ന രക്ഷിതാക്കൾക്കൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്‍റെ സാധ്യതകൾ തേടുന്നവരും കാത്തിരിക്കുന്ന അറിവിന്‍റെ മേളയിൽ പങ്കെടുക്കാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യാം. ലിങ്ക്: myeducafe.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.