തൈക്വാൻഡോയിൽ യു.എ.ഇക്ക് വേണ്ടി കിരീടമണിഞ്ഞ് മലയാളി സഹോദരിമാര്‍
text_fieldsഅജ്മാന്: കൊറിയൻ ആയോധനകലയായ തൈക്വാൻഡോ മത്സരത്തില്‍ യു.എ.ഇക്ക് വേണ്ടി കിരീടമണിഞ്ഞ് മലയാളി സഹോദരിമാര്‍.
അജ്മാന് പൊലീസ് ക്ലബില്‍ നടന്ന മൂന്നാമത് യു.എ.ഇ ഇന്റര്‍നാഷനല്‍ ഇന്വിറ്റെഷനല് തൈക്വാൻഡോ ചാമ്പ്യൻഷിപ് മത്സരത്തിലാണ് യു.എ.ഇക്ക് വേണ്ടി മത്സരിച്ച് സഹോദരിമാര്‍ വിജയികളായത്. മത്സരത്തിലെ 60 മുതല്‍ 65 കിലോ വിഭാഗത്തിൽ ഫാതിമത്ത് സുഹറ സ്വർണ മെഡലും ഇവരുടെ സഹോദരി റൈഹാന 45 മുതല്‍ 51 കിലോ വിഭാഗത്തില്‍ വെള്ളിയുമാണ് നേടിയത്.
ദുബൈ ഇസ്ലാമിക് ബാങ്കില്‍ ജോലി ചെയ്യുന്ന എറണാകുളം എടവനക്കാട് വേലിക്കെട്ടിൽ ഇബ്രാഹിം അബൂബക്കർ-റഹ്മത്ത് ദമ്പതികളുടെ മക്കളാണ് ഇരുവരും. പാറ്റേണ്‍ വിഭാഗത്തിലും സ്പാറിങ് വിഭാഗത്തിലുമായി മത്സരങ്ങളില്‍ ഫാത്തിമത്ത് സുഹറ 2 ഗോൾഡ് മെഡലും റായ്ഹാന ഇബ്രാഹിം 2 സിൽവർ മെഡലും കരസ്ഥമാക്കുകയും ചെയ്തു.
യു.എ.ഇ, ഇന്ത്യ, ഉസ്ബെകിസ്താൻ, ബംഗ്ലാദേശ്, ഇത്യോപ്യ തുടങ്ങിയ അഞ്ചുരാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ യു.എ.ഇ ഓവറോൾ ജേതാക്കളായി. യു.എ.ഇക്കുവേണ്ടി മലയാളികളടങ്ങിയ മറ്റ് 15 പേർ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു.
ഫാതിമത്ത് സുഹറയും റൈഹാനയും അജ്മാനിലെ യു.എ.ഇ ഇന്റര്‍നാഷനല്‍ ഇന്വിറ്റെഷനല് തൈക്വാൻഡോ ഫെഡറേഷൻ പ്രസിഡന്റ് സഈദ് അല്‍ റയ്ഹിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളികളായ മാസ്റ്റർ അബ്ദുല്‍ റഹ്മാന്, മറ്റു ഇൻസ്ട്രക്ടർമാരായ ഷൗമില് മോന്, മുഹമ്മദ് ജിജോ, മുഹമ്മദ് നസ്രു, റിയാസ് എന്നിവരുടെ ശിക്ഷണത്തിലാണ് തൈക്വാൻഡോ അഭ്യസിച്ചിരുന്നത്.
ഫാത്തിമത്ത് സുഹറ അജ്മാനിലുള്ള ഈസ്റ്റ് പോയന്റ് സ്കൂളിൽ പ്ലസ് ടു പഠനത്തിന് ശേഷം ഇപ്പോൾ റാസല്‍ഖൈമയിലെ ബോള്ടോണ് യൂനിവേഴ്സിറ്റിയിൽ തുടർപഠനത്തിലാണ്.
റയ്ഹാന അജ്മാനിലുള്ള വുഡ്ലം പാര്‍ക്ക് സ്കൂളിൽ 11ാം ഗ്രേഡിൽ പഠിക്കുന്നു. ഇവരുടെ ഇളയ സഹോദരി അജ്മാന് മെട്രോപൊളിറ്റന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മറിയം മർജാനയും തൈക്വാൻഡോ പരിശീലിക്കുന്നുണ്ട്. ചിത്രരചനയിലും ഗാനാലാപനത്തിലും മിടുക്കികളാണ് ഈ മൂന്ന് സഹോദരിമാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.