പാഴാകുന്ന ഭക്ഷണം ആവശ്യക്കാർക്ക്; പദ്ധതിയുമായി ഫുഡ് ബാങ്ക്
text_fieldsദുബൈ: പാഴാകുന്ന ഭക്ഷണത്തിൽനിന്ന് കേടുപാടില്ലാത്തവ ശേഖരിച്ച് തൊഴിലാളികൾക്കും മറ്റ് ആവശ്യക്കാർക്കും എത്തിച്ചുനൽകുന്ന പദ്ധതിയുമായി യു.എ.ഇ ഫുഡ് ബാങ്ക്. ഭക്ഷണ മാലിന്യം കുറക്കുന്നത് ലക്ഷ്യംവെച്ചും ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഫുഡ് ബാങ്ക് അധികൃതർ മാജിദ് അൽ ഫുത്തൈമുമായും ബാക്കിയാവുന്ന ഭക്ഷണം ശേഖരിക്കുന്ന ‘റിപ്ലെയ്റ്റു’മായും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഭക്ഷ്യസുരക്ഷ സൂചികയിൽ 2051ഓടെ ആഗോളതലത്തിൽ നേതൃത്വത്തിൽ എത്തുകയെന്ന യു.എ.ഇയുടെ ലക്ഷ്യത്തിനനുസരിച്ചാണ് പദ്ധതി രൂപപ്പെടുത്തിയത്.
നിരവധി ഷോപ്പിങ് മാളുകളും ഹോട്ടലുകളും ഹൈപ്പർമാർക്കറ്റുകളും നിയന്ത്രിക്കുന്ന മാജിദ് അൽഫുത്തൈം കമ്പനിയുമായുള്ള സഹകരണം പദ്ധതിക്ക് വലിയ സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ മാൾ ഓഫ് എമിറേറ്റ്സിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽനിന്ന് കൂടുതലുള്ള ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുനൽകും. ആദ്യമായാണ് യു.എ.ഇ ഫുഡ് ബാങ്ക് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
പദ്ധതി നടത്തിപ്പ് ശരിയായ രീതിയിലാക്കുന്നതിനായി ഭക്ഷണം നൽകേണ്ട രീതിയും മറ്റു മാർഗനിർദേശങ്ങളും ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടുതലായ ഭക്ഷണത്തിലെ മികച്ചത് തിരഞ്ഞെടുക്കുന്നത്, ശരിയായ രീതിയിൽ പാക്ക് ചെയ്യുന്നത്, ശരിയായ ഗതാഗത സംവിധാനം ഒരുക്കുന്നത് എന്നിവയെല്ലാം കൃത്യമായി വിശദീകരിച്ചുനൽകി.
സംയോജിത ജീവകാരുണ്യ സംവിധാനമെന്ന നിലയിൽ കൂടുതൽ പേർക്ക് അന്നം നൽകുക, മാലിന്യം കുറക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിന് ഇത് സാമൂഹിക അവബോധം നൽകുമെന്നും യു.എ.ഇ ഫുഡ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ഭക്ഷണം പാഴാക്കുന്നത് തടയാൻ ‘നിഅ്മ’ എന്ന പേരിൽ നേരത്തേ യു.എ.ഇ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2030നകം ഭക്ഷണം പാഴാക്കുന്നത് 50 ശതമാനമെങ്കിലും കുറക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മർയം ബിൻത് മുഹമ്മദ് അൽ മുഹൈരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഭക്ഷണം പാഴാക്കുന്നത് കുറക്കാനുള്ള മാർഗരേഖയും അവതരിപ്പിച്ചിരുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഭക്ഷണം പാഴാകുന്നത് തടയുകയെന്നും വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലയിലും സുസ്ഥിര രീതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.