അബൂദബിയിൽ വിദേശനിക്ഷേപത്തിൽ വൻ വർധന
text_fieldsഅബൂദബി: 2023ന്റെ ആദ്യപകുതിയില്‍ അബൂദബിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദേശ പ്രത്യക്ഷനിക്ഷേപം 83.46 കോടി ദിര്‍ഹം ആയി വര്‍ധിച്ചതായി കണക്കുകൾ. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 363 ശതമാനത്തിന്റെ വര്‍ധനവാണ് ഈവര്‍ഷം ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അബൂദബി നഗര ഗതാഗതവകുപ്പാണ് വിവരങ്ങൾ പുറത്തുവിട്ടത്. വ്യക്തികൾ നടത്തുന്ന വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ കാര്യത്തില്‍ അഞ്ചു മേഖലകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപത്തിന്റെ 34 ശതമാനം സഅദിയാത്ത് ഐലന്‍ഡിലും 28 ശതമാനം യാസ് ഐലന്ഡിലുമായാണുള്ളത്. അല്‍ ജുര്‍ഫ് 12 ശതമാനം, അല്‍ റീം ഐലന്‍ഡ് 11 ശതമാനം, അല്‍ ഷംഖ 8 ശതമാനം എന്നിവയാണ് നിക്ഷേപം കൂടുതലായി നടന്ന മറ്റു മൂന്ന് സ്ഥലങ്ങള്‍. അബൂദബിയിലെ വിദേശ പ്രത്യക്ഷ നിക്ഷേപത്തിലുണ്ടായ വളര്‍ച്ചയില്‍ അതിയായ സന്തോഷമുണ്ടെന്ന് നഗര ഗതാഗത വകുപ്പിലെ റിയല്‍ എസ്റ്റേറ്റ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അദീബ് അല്‍ അഫീഫി പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് എമിറേറ്റ് എത്രമാത്രം ആകര്ഷകമാണെന്നതിന്റെ തെളിവാണ് നിക്ഷേപത്തിലുണ്ടായ വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര അടിസ്ഥാനസൗകര്യം, മികച്ച സാമ്പത്തിക, നിയമസാഹചര്യമാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്നും ഡോ. അദീബ് അല്‍ അഫീഫി കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യക്കാര്‍ക്ക് നിക്ഷേപം നടത്താനും ജോലി ചെയ്യാനും ജീവിക്കാനും നല്കുന്ന മികച്ച സൗകര്യങ്ങളാണ് അബൂദബിയെ ലോക ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതെന്നും ഡോ. അദീബ് അല്‍ അഫീഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.