വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.എ.ഇയിൽ
text_fieldsദുബൈ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.എ.ഇ സന്ദർശിച്ചു. ഇന്ത്യയിൽ മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് വിദേശകാര്യമന്ത്രി യു.എ.ഇ സന്ദർശിക്കുന്നത്. ഞായറാഴ്ച അബൂദബിയിലെത്തിയ അദ്ദേഹത്തെ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു. തുടർന്ന്, ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി വാർത്ത ഏജൻസിയായ എ.എൻ.ഐയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക, സഹകരണ കരാറിന്റെ (സെപ) വിവിധ വശങ്ങൾ വിലയിരുത്താനുള്ള അവസരമായാണ് കൂടിക്കാഴ്ചയെ കാണുന്നത്. അതോടൊപ്പം പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കുന്ന ഗസ്സയിലെ സ്ഥിതിഗതികളും ചർച്ചയിൽ ഉയർന്നുവന്നതായാണ് സൂചന. സെപ കരാർ ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളത്തെ സുസ്ഥിരമായ വ്യാപാര-വാണിജ്യ വികസനത്തിന് വഴിവെച്ചെന്നാണ് വിലയിരുത്തൽ. അതോടൊപ്പം ആഗോള, പ്രാദേശിക തലത്തിലെ വിവിധ സംഭവ വികാസങ്ങളും വികസനങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു. സെപ കരാർ സാമ്പത്തിക വളർച്ചയോടൊപ്പം ഉഭയകക്ഷി സഹകരണത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയിൽ സെപ കരാർ വലിയ പിന്തുണയാണ് നൽകുന്നത്. രണ്ടാം മോദി സർക്കാറിന്റെ കാലത്ത്, 2022ലാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയായിരുന്നു കരാർ ഒപ്പുവെക്കൽ. തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള പണമിടപാടുകൾ പ്രാദേശിക കറൻസികളിൽ നടത്താനുള്ള ധാരണയിലുമെത്തിയിരുന്നു. പിന്നാലെ, ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകളും ഇന്ത്യ പുറത്തിറക്കി. വിസ, മാസ്റ്റർ കാർഡുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഡെബിറ്റ് കാർഡുകളാണ് ‘ജയ്വാൻ’ കാർഡുകൾ. രൂപയിൽ തന്നെ വിനിമയം നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. സ്വർണ കയറ്റിറക്കുമതിയും പ്രാദേശിക കറൻസികളിൽ നടത്താനുള്ള അവസരവുമൊരുങ്ങിയിരുന്നു.
അതേസമയം, ഇക്കഴിഞ്ഞ 20ന് ശ്രീലങ്കയിലും ഇന്ത്യൻ വിദേശകാര്യമന്ത്രി സന്ദർശിച്ചിരുന്നു. തുടർന്ന്, ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അയൽപക്ക രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുകയാണ് സന്ദർശന ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.