മുൻ കേരള ക്രിക്കറ്റ് താരം കെസിയ മിറിയം സെബിൻ യു.എ.ഇ ദേശീയ ടീമിൽ
text_fieldsദുബൈ: മുൻ കേരള അണ്ടർ 19 വനിത ക്രിക്കറ്റ് താരം കെസിയ മിറിയം സബിൻ യു.എ.ഇ ദേശീയ ടീമിൽ ഇടം നേടി. യു.എ.ഇ ദേശീയ കോച്ച് അഹമ്മദ് റസയാണ് കെസിയയെ ടീമിലേക്ക് ക്ഷണിച്ചത്. നമീബിയയിൽ നടക്കുന്ന കാപ്രികോൺ ത്രിരാഷ്ട്ര സീരീസിൽ കെസിയ യു.എ.ഇയെ പ്രതിനിധീകരിച്ച് കളിക്കും.
ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പിലേക്കായിരുന്നു അഹമ്മദ് റസ കെസിയയെ ക്ഷണിച്ചിരുന്നതെങ്കിലും പാസ്പോർട്ടിന്റെ കാലാവധി തീർന്നതോടെ യഥാസമയം യു.എ.ഇയിൽ എത്താനായിരുന്നില്ല.
തുടർന്ന് കാപ്രികോൺ ത്രിരാഷ്ട്ര പരമ്പരക്കായി ആഗസ്റ്റ് 12 മുതൽ ദുബൈയിൽ നടക്കുന്ന ദേശീയ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ കോച്ച് ആവശ്യപ്പെടുകയായിരുന്നു. മൂന്നാഴ്ചത്തെ പരിശീലനത്തിനുശേഷം കെസിയയെ ദേശീയ ടീമിലേക്ക് സെലക്ട് ചെയ്യുകയായിരുന്നു. പരിശീലനത്തിന് ശേഷം ടീം നമീബിയയിലേക്ക് തിരിക്കും.
ഇടംകൈയൻ ബാറ്ററായ കെസിയ രണ്ട് തവണ കേരളത്തിനുവേണ്ടി പാഡണിഞ്ഞിട്ടുണ്ട്. പിന്നീട് ടീമിൽനിന്ന് പുറത്തായി. ഈ വർഷം നടന്ന കെ.സി.എയുടെ പിങ്ക് ക്രിക്കറ്റ് ടൂർണമെന്റിനായി നടന്ന തെരഞ്ഞെടുപ്പിലും ഏതെങ്കിലും ടീമിൽ ഇടം നേടാനായിരുന്നില്ല.
കരിയർ വഴിത്തിരിവിൽ എത്തിനിൽക്കെയാണ് യു.എ.ഇ ദേശീയ ടീമിലേക്കുള്ള ക്ഷണം. ചെന്നൈയിലെ കോച്ചിങ് ബിയോണ്ട് ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുകയായിരുന്ന കെസിയയുടെ ബാറ്റിങ് പ്രകടനത്തിന്റെ വിഡിയോ മുൻ കേരള രഞ്ജി ട്രോഫി താരവും യു.എ.ഇ ദേശീയ ടീമിന്റെ ക്യാപ്റ്റനുമായ സി.പി. റിസ്വാനാണ് പങ്കുവെച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട യു.എ.ഇ ദേശീയ ടീം കോച്ച് അഹമ്മദ് റസ ഉടനെ കെസിയയുമായി ബന്ധപ്പെടുകയായിരുന്നു. 20കാരിയായ കെസിയ ജനിച്ചതും പഠിച്ചതും ദുബൈയിലാണ്. മാധ്യമ പ്രവർത്തകരായ മാതാപിതാക്കൾ. ഇവർ ജോലി ചെയ്യുന്നതും ദുബൈയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.