ഒന്നര ടൺ 'നസ്വാർ' പുകയിലയുമായി നാലുപേർ പിടിയിൽ
text_fieldsഅബൂദബി: അനധികൃതമായി പുകയില ഇടപാടുകൾ നടത്തിവന്ന നാല് പ്രതികളെ താൽക്കാലിക പണിപ്പുരയിൽ നിന്ന് അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. 1.5 ടൺ 'നസ്വാർ'പുകയിലയാണ് സംഘം പണിപ്പുരയിൽ സൂക്ഷിച്ചിരുന്നത്. പുകയിലയും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്തു.
ക്രിമിനൽ ഇടപാടുകളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അബൂദബി പൊലീസ് അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് തൊണ്ടി സഹിതം പ്രതികളെ പിടികൂടാനായത്. അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പും അബൂദബി മാലിന്യ നിർമാർജന കേന്ദ്രവും (തദ്വീർ) ഏകോപിച്ചായിരുന്നു പൊലീസ് റെയ്ഡ്. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ പുകയില ഉൽപന്നമാണ് നസ്വാർ. യു.എ.ഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇവ നിരോധിച്ചിട്ടുണ്ട്. നസ്വാർ ഉപയോഗം കാൻസറിനും അൾസറിനും കാരണമാകുന്നതിനൊപ്പം പല്ലുകൾക്കും മോണകൾക്കും ദോഷകരമാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ പുകയില ഇടപാടുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥരെ അബൂദബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ റാഷിദി പ്രശംസിച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.