നാലു പതിറ്റാണ്ടിന്റെ പ്രവാസോർമകൾ: മുസ്തഫ മുട്ടുങ്ങൽ മടങ്ങുന്നു
text_fields
ദുബൈ: 1983ൽ ഡിഗ്രി ഫൈനൽ വിദ്യാർഥിയായിരിക്കെ ബന്ധു അയച്ച വിസയിലാണ് വടകര മുട്ടുങ്ങൽ സ്വദേശിയായ മുസ്തഫ ഷാർജയിലെത്തുന്നത്. ബന്ധുവിന്റെ പുതുതായാരംഭിച്ച റെഡിമെയ്ഡ് ഷോപ്പിൽ പിറ്റേദിവസം തന്നെ ജോലിയാരംഭിച്ചു. അന്നുമുതൽ ആരംഭിച്ച പ്രവാസ ജീവിതം നാലു പതിറ്റാണ്ടിനിപ്പുറം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് മുസ്തഫ. ഇതിനിടയിൽ കയറ്റിറക്കങ്ങൾ ഏറെ പിന്നിട്ടു.
ജോലിക്ക് കയറിയ ആദ്യ സ്ഥാപനത്തിൽനിന്ന് 10 വർഷത്തിനുശേഷം അൽ ഗുവൈർ മാർക്കറ്റിൽ തുടങ്ങിയ കടയിലേക്ക് മാറി. പ്രധാനമായും സ്കൂൾ യൂനിഫോമുകൾ വിൽപന നടത്തിയിരുന്ന കട 2015 വരെ നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. പിന്നെയും വർഷങ്ങൾ പിന്നിട്ട് നഷ്ടത്തിലായതോടെ സ്ഥാപനം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് സാഹസത്തിന് മുതിരാതെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
തുടക്കം മുതൽ ചന്ദ്രിക റീഡേഴ്സ് ഫോറം കൂട്ടായ്മയിൽ അംഗമായിരുന്നു. പിന്നീട് കെ.എം.സി.സിയായി മാറിയ കൂട്ടായ്മയിൽ 1990 വരെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. പിന്നീടും പല പദവികൾ വഹിച്ചശേഷം യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി വരെയായി. സി.എച്ച് സെൻറർ, തണൽ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും സാരഥിയായി.
വടകര ഓർക്കാട്ടേരി എം.ഇ.എസ് സ്കൂൾ, എം.എച്ച്.ഇ.എസ് കോളജ് വടകര എന്നിവയുടെ സ്ഥാപകാംഗവും ഇപ്പോൾ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവുമാണ്. മുക്കം ദാറുസ്സലാഹ് അറബിക് കോളജ് ഷാർജ ചാപ്റ്റർ ചെയർമാനായും പ്രവർത്തിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ലൈഫ് മെംബറാണ് മുസ്തഫ. പലതവണ അസോസിയേഷന്റെ ലിറ്റററി, പബ്ലിക്കേഷൻ കമ്മിറ്റികളിൽ കൺവീനറായി. 1990 മുതൽ 2015 വരെ ചന്ദ്രിക ദിനപത്രത്തിന്റെ ഷാർജ ലേഖകനായിരുന്നു. ഷാർജ മദ്റസ തുർമുദി, ദഅ്വ സെൻറർ, എസ്.കെ.എസ്.എസ്.എഫ്, മലബാർ ഇസ്ലാമിക് കോളജ് കാസർകോട് എന്നീ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. മടപ്പള്ളി കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റുമായിരുന്നു.
ലോകത്തിന് നന്മയുടെയും അച്ചടക്കത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങൾ പകർന്ന രാജ്യത്ത് നാലു പതിറ്റാണ്ട് ജീവിക്കാൻ കഴിഞ്ഞതിലുള്ള മാനസികോല്ലാസമാണ് പ്രവാസത്തിന്റെ ബാക്കിപത്രമായുള്ളതെന്ന് മുസ്തഫ പറയുന്നു. ഭാര്യ: സമീറ. മക്കൾ: മുനീബ് മുസ്തഫ (ദുബൈ), മുഷ്താഖ് (ഹൈദരാബാദ്), മുഹ്സിന (ഖത്തർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.