സ്രാവുകളെ പിടിക്കുന്നതിന് നാലുമാസത്തെ നിരോധനം
text_fieldsദുബൈ: രാജ്യത്തുടനീളം സ്രാവ് മത്സ്യബന്ധന നിരോധനം പ്രഖ്യാപിച്ച് അധികൃതർ. സ്രാവ് മത്സ്യബന്ധനവും വ്യാപാരവും നിരോധിച്ച് കാലാവസ്ഥാവ്യതിയാന പരിസ്ഥിതിമന്ത്രാലയമാണ് തിങ്കളാഴ്ച ഉത്തരവിറക്കിയത്. ജൂൺ 30വരെ വാണിജ്യാടിസ്ഥാനത്തിൽ സ്രാവുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും വ്യാപാരവും ഇതോടെ നിയമവിരുദ്ധമാകും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ സമുദ്ര മേഖലയിലെ മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മത്സ്യങ്ങളുടെ പ്രജനനകാലത്ത് എല്ലാവർഷവും മാർച്ച് ഒന്നു മുതൽ ജൂൺ 30വരെ സീസണൽ മത്സ്യബന്ധന നിരോധനം പ്രഖ്യാപിക്കാറുണ്ട്.
യു.എ.ഇ കടലിലെ സ്രാവുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും എണ്ണം കുറയുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം, അശാസ്ത്രീയവും വർധിച്ചതുമായ മത്സ്യബന്ധനം, സ്വാഭാവിക ആവാസവ്യവസ്ഥ നശിച്ചത് എന്നിവ കാരണമായാണ് കടൽജീവികൾക്ക് വലിയ രീതിയിൽ ഭീഷണിനേരിടുന്നത്.
ഈ സാഹചര്യത്തിൽ സംരക്ഷിത സമുദ്രജീവികളുടെ പട്ടികയിൽ സ്രാവുകൾ അടക്കമുള്ളവയെ ചേർക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. എല്ലാത്തരം സ്രാവുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും വംശനാശഭീഷണി സമീപകാലത്ത് ഇരട്ടിയായതായാണ് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്. ഇതോടൊപ്പം പവിഴപ്പുറ്റുകളിൽ താമസിക്കുന്ന 59 ശതമാനം ജീവികളും ഭീഷണി നേരിടുന്നുണ്ട്. സ്രാവുകൾ പ്രധാനമായും ഭക്ഷണത്തിനായാണ് പിടിക്കപ്പെടുന്നത്. ഇവയുടെ കരൾ എണ്ണ, ചർമം, ചിറകുകൾ, തരുണാസ്ഥി എന്നിവ പല ഉൽപന്നങ്ങളിലും ഉപയോഗിക്കുന്നു. ഗൾഫ് മേഖലയിലെ സമുദ്രത്തിൽ ഏകദേശം 153 ഇനം സ്രാവുകളും മറ്റു സമാന മത്സ്യങ്ങളുമുണ്ട്. ഇവയിൽ പകുതിയും ഇപ്പോൾ വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കപ്പെടുന്നു.
ഇത് പരിഗണിച്ച് സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി നാല് വർഷത്തെ ദേശീയ കർമപദ്ധതി 2018ൽ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.