നാലാം ദിനവും മഴ; ജാഗ്രതവേണമെന്ന് അധികൃതർ
text_fieldsദുബൈ: വ്യാഴാഴ്ച ആരംഭിച്ച മഴ സാമാന്യം ഭേദപ്പെട്ട രീതിയിൽ യു.എ.ഇയിലെ അഞ്ച് എമിറേറ്റുകളിലും ലഭിച്ചു. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മഴയുണ്ടായിരുന്നു. പലഭാഗത്തും ശക്തമായ കാറ്റും മഴയും ഒന്നിച്ചെത്തിയത് റോഡുകളിൽ കാഴ്ചയെ ബാധിച്ചു. പൊടിക്കാറ്റും ശക്തമായിരുന്നു. നഗരപ്രദേശങ്ങളിൽ ഒഴികിപ്പോകുന്നതിന് തടസ്സമുള്ളിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ ഗതാഗതം സുഗമമാക്കാൻ വെള്ളം വറ്റിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
ദുബൈയിലെ കറാമ, അൽ ഖൂസ്, ജബൽ അലി, റാസൽഖോർ, അൽ തവാർ, ഹത്ത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. റാസൽഖൈമയിൽ ഷാം, അൽജീർ, ജയ്സ് മലനിര, ദിഗ്ദാഗ, ഹംറാനിയ, കറാൻ, അൽഗൈല്, ജസീറ, ഓൾഡ് റാക്, നഖീൽ, മാമൂറ, മ്യാരീദ് തുടങ്ങിയിടങ്ങളിലെല്ലാം മഴ ലഭിച്ചു. ഡ്രൈവ് ചെയ്യുമ്പോൾ ജാഗ്രതയുണ്ടാകണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. വ്യത്യസ്ത തീവ്രതയുള്ള മഴയായതിനാൽ വെള്ളപ്പൊക്കവും വാദികളിലെ പ്രളയവും ഏത് സമയത്തും പ്രതീക്ഷിക്കാം. കടലിൽ പോകുന്നവരും തീരങ്ങളിൽ സമയം ചെലവഴിക്കുന്നവരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.