ഫ്രാങ്കോഫോൺ ഗെയിംസ്: പ്രതീക്ഷയോടെ യു.എ.ഇ താരങ്ങൾ
text_fieldsദുബൈ: കോംഗോ തലസ്ഥാനമായ കിഷാൻസയിൽ നടക്കുന്ന ഫ്രാങ്കോഫോൺ ഗെയിംസിന്റെ ഒമ്പതാമത് എഡിഷനിൽ യു.എ.ഇ ദേശീയ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധാനംചെയ്ത് ആറ് അത്ലറ്റുകൾ പങ്കെടുക്കും.
ജൂലൈ 28ന് ആരംഭിച്ച ഗെയിംസിൽ ജൂഡോ, ടേബിൾ ടെന്നിസ്, അത്ലറ്റിക് എന്നീ മൂന്നു വിഭാഗങ്ങളിലാണ് യു.എ.ഇ താരങ്ങൾ മത്സരിക്കുന്നത്. 66 രാജ്യങ്ങളിൽ നിന്നായി 3,000 അത്ലറ്റുകൾ മാറ്റുരക്കുന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ താരങ്ങൾ. അലി അൽ ബദ്വാവി, സലിം അൽ ബലൂഷി, സുൽത്താൻ അബ്ദുല്ല, മഹ്റ സലിം, ഫാത്തിമ അൽ ബലൂഷി എന്നിവരാണ് അത്ലറ്റിക് മത്സരത്തിൽ പങ്കെടുക്കുന്നവർ. ഖാലിദ് റെദ, മൻസൂർ ജുമ, സഈദ് അൽ നഖ്വി എന്നിവരാണ് ജൂഡോയിൽ മത്സരിക്കുന്ന താരങ്ങൾ. മുഹമ്മദ് മഹമൂദ് ആണ് ടേബിൾ ടെന്നിസിലെ യു.എ.ഇ പ്രതീക്ഷ. ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ ഭരണ- സാമ്പത്തിക കാര്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അസ്സ ബിൻത് സുലൈമാന്റെ നേതൃത്വത്തിലാണ് ആറംഗ ടീം ഗെയിംസിൽ പങ്കെടുക്കുന്നത്. ടെക്നിക്കൽ ആൻഡ് സ്പോർട്സ് വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ തായിബ് ആണ് ടീമിന്റെ ഡയറക്ടർ. ആഗസ്റ്റ് ആറിന് ഗെയിംസ് അവസാനിക്കും.
രാജ്യത്തിന് വേണ്ടി കായിക രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കേണ്ടതിന്റെ പ്രാധാന്യം അസ്സ ബിൻത് സുലൈമാൻ ഊന്നിപ്പറഞ്ഞു. കായിക ഇനങ്ങൾ കൂടാതെ സാംസ്കാരിക ഇനങ്ങളായ സംഗീതം, നൃത്തം, ചിത്രരചന, ഫോട്ടോഗ്രഫി, കഥ, സാഹിത്യ രചന തുടങ്ങിയ മത്സരങ്ങളും ഗെയിംസിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.