തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍; 79 പേര്‍ക്ക് തടവും പിഴയും
text_fieldsഅബൂദബി: തട്ടിപ്പ് നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും അബൂദബി ക്രിമിനല്‍ കോടതി 79 പേരെ ശിക്ഷിച്ചു. മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും രണ്ടു ലക്ഷം മുതല്‍ ഒരു കോടി ദിര്‍ഹം വരെ പിഴയും ഓരോരുത്തര്‍ക്കും വിധിച്ചിട്ടുണ്ട്. ശിക്ഷക്ക് ശേഷം കുറ്റവാളികളെ നാടുകടത്തുകയും ചെയ്യും. ചൈന ആസ്ഥാനമായ ഓഹരി വ്യാപാര വെബ്സൈറ്റിന്റെ ഓണ്‍ലൈന്‍ വിലാസത്തില്‍ കൃത്രിമം നടത്തിയായിരുന്നു സംഘം ഇരകളെ കബളിപ്പിച്ചതെന്ന് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ചൈനീസ് പൗരന്മാര്ക്കു പുറമെ, ജോർഡന്, നൈജീരിയ, കാമറൂണ്‍, യുഗാണ്ട, കെനിയ തുടങ്ങിയ രാജ്യക്കാരും തട്ടിപ്പ് സംഘത്തിലുണ്ട്. അതേസമയം, സംഘം എത്ര പണമാണ് തട്ടിയെടുത്തതെന്ന് വ്യക്തമല്ല. 66 കുറ്റവാളികളെയാണ് കോടതിയിൽ ഹാജരാക്കിയത്. 13 പ്രതികള്‍ കണ്ടെത്തിയിട്ടില്ല. പിടിയിലായവരില്‍നിന്ന് പണവും കാറുകളും ആഭരണങ്ങളും ഉപകരണങ്ങളും അധികൃതര്‍ കണ്ടെടുത്തിരുന്നു. നൂറു കണക്കിനു പേര് സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെതിരെ യു.എ.ഇ നിരന്തരം ബോധവത്കരണം നടത്തുന്നുണ്ട്. തട്ടിപ്പിനിരയായാല്‍ ഉടന്‍ വിവരം പൊലീസിനെയും ബാങ്കുകളെയും അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2.33 ബില്യൺ ദിര്‍ഹം അധികൃതര്‍ തട്ടിപ്പുകാരില്‍നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വീണ്ടെടുത്തിട്ടുണ്ട്. ഫോണ്‍, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെവര്ക്കായി അബൂദബി പൊലീസ് 21 ദശലക്ഷം ദിര്‍ഹമാണ് തിരികെ കണ്ടെത്തി നല്‍കിയത്. 1740 തട്ടിപ്പുകേസുകളിലൂടെയാണ് ഇത്രയധികം പണം നഷ്ടമായത്.
ഓൺലൈൻ തട്ടിപ്പ് ഇക്കാര്യം ശ്രദ്ധിക്കാം
അബൂദബി: തട്ടിപ്പിനിരയായി ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ആരോടെങ്കിലും പങ്കുവെച്ചാല്‍ ഉടന്‍ ബാങ്കില്‍ വിവരമറിയിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തടയണം. അമന് സര്‍വിസിലൂടെ അബൂദബി പൊലീസിനെയും വിവരം അറിയിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന രീതിയില്‍ ഫോണ്‍ വിളിച്ച് വിവരങ്ങള്‍ തിരക്കുന്നതാണ് യു.എ.ഇയിലെ തട്ടിപ്പുകളില്‍ കൂടുതലായും കാണുന്ന രീതി. അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചശേഷം ഫോണിലേക്ക് വന്ന വണ്‍ടൈം പാസ്വേഡ് (ഒ.ടി.പി.) ചോദിക്കുകയും ഇതു നല്‍കുന്നതോടെ ഇരയുടെ അക്കൗണ്ടിലെ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്.ഔദ്യോഗിക വെബ്സൈറ്റുകളുടേതിന് സമാനമായ രീതിയില്‍ സൈറ്റ് നിര്‍മിച്ച് രഹസ്യവിവരങ്ങള്‍ ചോർത്തി പണം തട്ടുന്നതാണ് മറ്റൊരു രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.