ഫോൺ വഴി തട്ടിപ്പ്: 494 പേർ ദുബൈ പൊലീസ് പിടിയിൽ
text_fieldsദുബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ എമിറേറ്റിൽ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫോൺ വഴി തട്ടിപ്പ് നടത്തിയ 494 പേരെ ദുബൈ പൊലീസ് പിടികൂടി. 406 ഫോൺ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വലിയ സംഘത്തെ ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വലയിലാക്കിയത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഉപഭോക്താക്കളെ വിളിച്ചാണ് തട്ടിപ്പുകൾ നടന്നത്. ഫോൺ കോളുകൾക്ക് പുറമെ, ഇ-മെയിലുകളും എസ്.എം.എസും സമൂഹ മാധ്യമ ലിങ്കുകളും ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമം നടന്നിട്ടുണ്ട്.
പ്രതികളിൽ നിന്ന് പണവും നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ധനകാര്യ സ്ഥാപനത്തിൽ നിന്നെന്ന പേരിൽ വിളിക്കുന്ന ആർക്കും ബാങ്കിങ് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്നും തട്ടിപ്പുകളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രി. ഹാരിബ് അൽ ഷംസി ആവശ്യപ്പെട്ടു. അക്കൗണ്ടുകളും കാർഡുകളും തടഞ്ഞതായും മരവിപ്പിച്ച് നിർത്തിയതായും ഉപഭോക്താക്കളെ അറിയിച്ചാണ് കബളിപ്പിക്കലെന്നും അത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കുകൾ നിർണായക വിവരങ്ങളോ രഹസ്യനമ്പറുകളോ ഒരിക്കലും ഫോണിലൂടെ ആവശ്യപ്പെടില്ല.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബാങ്കിന്റെ ശാഖകളേയോ ഉദ്യോഗസ്ഥരേയോ ബാങ്ക് അംഗീകരിച്ച മൊബൈൽ ആപ്ലിക്കേഷനുകളേയോ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയായാൽ ദുബൈ പൊലീസ് ആപ്പിലെ പൊലീസ് ഐ സംവിധാനം, ഇ-ക്രൈം പ്ലാറ്റ്ഫോം, സ്മാർട്ട് പൊലീസ് സ്റ്റേഷൻ(എസ്.പി.എസ്), 901 എന്ന നമ്പറിൽ വിളിച്ചോ സംഭവങ്ങൾ അധികാരികളെ ഉടൻ അറിയിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.