ഫോണ്‍ വിളിച്ച് തട്ടിപ്പ്; അജ്മാനില്‍ 15 പേര് അറസ്റ്റില്‍
text_fieldsഅജ്മാന്: ഫോണ്‍ വിളിച്ച് ആളുകളില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ പതിനഞ്ചു പേരെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി.
പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ആളുകളെ അവരുടെ ബാങ്കിങ് ഡേറ്റ അല്ലെങ്കിൽ ഔദ്യോഗിക രേഖകൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സംഘം വിളിക്കുന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങളും തിരിച്ചറിയല്‍ കാർഡ് പോലുള്ള സ്വകാര്യ രേഖകളുടെ വിവരങ്ങളും ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് അജ്മാന് പൊലീസ് ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ അഹമ്മദ് സഈദ് അൽ നുഐമി വ്യക്തമാക്കി. 19 മൊബൈൽ ഫോണുകൾ തട്ടിപ്പിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. പിടിയിലായ സംഘം തട്ടിപ്പ് നടത്തിയതായി കുറ്റസമ്മതം നടത്തി. ക്രിമിനൽ അന്വേഷണത്തിന്റെ കാര്യക്ഷമതയെയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതിനെയും അദ്ദേഹം പ്രശംസിച്ചു.
ഇത്തരം സംഘങ്ങളുടെ തട്ടിപ്പുകള്‍ക്കെതിരെ ബോധവാന്മാരാകാന് അദ്ദേഹം പൊതുജനങ്ങളെ ഓർമിപ്പിച്ചു. ബാങ്കിന്റെ ഏറ്റവും അടുത്ത ശാഖയിലേക്ക് പോയി ഉപഭോക്തൃ സേവന ജീവനക്കാർ വഴി മാത്രം അപ്ഡേറ്റ് ചെയ്യുവാനും തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും അജ്മാന് പൊലീസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.