ഫേസ്ബുക്ക് വഴി തട്ടിപ്പ് : പണം നഷ്ടമാകുന്നവരിൽ നിരവധി പ്രവാസികളും
text_fieldsഅജ്മാന്‍: ഇടംവലം നോക്കാതെ സഹായം ചെയ്യുന്നവരാണ് പ്രവാസികൾ. ഈ സഹായമനസ്കത മുതലെടുക്കുകയാണ് സോഷ്യൽ മീഡിയയിലെ തട്ടിപ്പുകാർ. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ട് നടക്കുന്ന തട്ടിപ്പിൽ കുടുങ്ങിയതിൽ നല്ലൊരു ശതമാനവും പ്രവാസികളാണ്. 'തരില്ല' എന്ന് മറുപടി പറയാനുള്ള പ്രവാസികളുടെ ബുദ്ധിമുട്ട് മുതലെടുത്താണ് തട്ടിപ്പുകാർ പണം കൈക്കലാക്കുന്നത്.
കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിക്ക് ഫേസ്ബുക്ക് മെസഞ്ചറില്‍ വന്ന സന്ദേശം ഇങ്ങനെയായിരുന്നു- 'ചോദിക്കുന്നത് തെറ്റാണെങ്കിൽ സദയം പൊറുക്കണം. നേരിൽ പരിചയം ഇല്ല, എന്നിട്ടും ചോദിക്കുന്നത് സാഹചര്യം മൂലമാണ്. എനിക്ക് വായ്പയായി 4500 രൂപ തന്നു സഹായിക്കാൻ കഴിയുമോ. ഒരു മാസത്തെ അവധിക്ക്. വലിയ പ്രയാസത്തിലാണ്, തെറ്റിദ്ധരിക്കരുതേ സഹോദരാ'... ഫേസ്ബുക്കിലെ സുഹൃദ് വലയത്തിലുള്ള വ്യക്തി ദയനീയമായി ചോദിക്കുന്നതുകണ്ട് ഇദ്ദേഹത്തിെൻറ നമ്പര്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങള്‍ വഴി ഇത്തരം പണാപഹരണങ്ങള്‍ നടക്കുന്നത് പിന്നീടാണ് ഓര്‍മ വന്നത്. നേരിട്ട് പരിചയമില്ലാത്ത വ്യക്തിക്ക് പണം നല്കേെണ്ടന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
എന്നാൽ, ഇതൊന്നുമറിയാതെ പണം നൽകുന്നവർ നിരവധിയാണ്. ഓണ്‍ലൈന്‍ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം ഉപയോഗിക്കുന്നത് വിവിധ രീതികള്‍.
ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ ഒ.ടി.പി കൈക്കലാക്കി തട്ടിപ്പിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളും വ്യാപകമാവുകയാണ്. നിലവില്‍ ഫേസ്ബുക്ക് അക്കൗണ്ടുള്ള വ്യക്തിയുടെ പ്രൊഫൈല്‍ ചിത്രവും മറ്റ് വിവരങ്ങളും അതേപടി പകര്‍ത്തി പുതിയ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അതുവഴി ലഭിക്കുന്ന സുഹൃത്തുക്കളോട് ദയനീയാവസ്ഥ വിവരിച്ച് പണം ആവശ്യപ്പെടുകയുമാണ് സംഘം ചെയ്യുന്നത്.ദുബൈ അവീര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ അതേപടി പകര്‍ത്തിയത് ഹിന്ദിക്കാരനാണ്.
കുന്നംകുളം സ്വദേശിയുടെ മലയാളി സുഹൃത്തിനോട് പണം ആവശ്യപ്പെട്ട് ചാറ്റ് ചെയ്തത് ഹിന്ദിയിലും. ഇതോടെ ചതി മനസ്സിലായ സുഹൃത്ത് യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടുകാരനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ദുൈബയില്‍ ബിസിനസ് നടത്തുന്ന കണ്ണൂര്‍ സ്വദേശിക്ക് വന്നത് സുഹൃത്തായ ഡോക്ടറുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്നുള്ള ചാറ്റ് ആയിരുന്നു. രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണ് തട്ടിപ്പ് സംഘത്തിലധികവും എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.