സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ്; മലയാളിക്ക് പണം നഷ്ടമായി
text_fieldsഅജ്മാന്: സമൂഹമാധ്യമങ്ങളിലൂടെയുള്ള പണംതട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം മലയാളിക്ക് ഇത്തരത്തില്‍ പണം നഷ്ടമായി. വാട്സ്ആപ്പിലൂടെയാണ് വ്യാജന് പണം തട്ടിയത്. ദുബൈയില്‍ താമസിക്കുന്ന ചങ്ങരംകുളം സ്വദേശിയോടാണ് വാട്സ്ആപ്പിലൂടെ പണം ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ പ്രൊഫൈല്‍ ഫോട്ടോ വെച്ചുള്ള വാട്സ്ആപ്പില്നിന്നാണ് പണം ആവശ്യപ്പെട്ടത്. വൈകീട്ട് തരാമെന്നും അത്യാവശ്യമായി 5000 രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ഗൂഗ്ള്‍ പേയിലൂടെ പണം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ദുബൈയിലുള്ള ഇദ്ദേഹം ഗൂഗ്ള്‍ പേ സൗകര്യം ഇല്ലെന്ന് അറിയിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ട് അയച്ചു നല്‍കുകയായിരുന്നു. പിടിവിടാതെയുള്ള വ്യാജന്റെ പരിശ്രമത്തില്‍ അവസാനം ഇദ്ദേഹം പണം നല്കാന് നിര്‍ബന്ധിതനാകുകയായിരുന്നു. പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രസീത് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. രസീതില്‍ മറ്റൊരു പേര് കണ്ടതോടെയാണ് ഇദ്ദേഹം നാട്ടിലായിരുന്ന ഗള്‍ഫുകാരനായ സുഹൃത്തിനെ ഫോണില്‍ വിളിക്കുന്നത്. അപ്പോഴാണ് തട്ടിപ്പ് വ്യക്തമാകുന്നത്.
അപ്പോഴേക്കും ഇദ്ദേഹത്തിന്റെ പണം നഷ്ടമായിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് ചിലപ്പോള്‍ ഇതേക്കുറിച്ച് യാതൊന്നും അറിയാത്ത ആളുകളുടേതായിരിക്കുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തട്ടിപ്പുസംഘങ്ങളുമായി ബന്ധമില്ലാത്ത ആളുകളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിപ്പിച്ചശേഷം അക്കൗണ്ട് ഉടമയെ വിളിച്ച് അറിയാതെ പണം നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും തിരിച്ചുതരണമെന്നും പറഞ്ഞു തുക കൈക്കലാക്കുന്നതായിരിക്കും പിടിക്കപ്പെടാതിരിക്കാന്‍ വ്യാജന്മാരുടെ രീതിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകന്റെ പേരിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുക്കളില്‍നിന്ന് പണം തട്ടുന്നതിനുള്ള ശ്രമം ഇന്നലെ നടന്നു. എന്നാല്‍, വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടക്കുന്നതായുള്ള സന്ദേശം ഇദ്ദേഹം ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചതോടെ തട്ടിപ്പ് സംഘം വാട്സ്ആപ്പിലൂടെ പണം തട്ടാൻ ശ്രമിച്ചു. ഇതിൽ ചിലര്‍ കുടുങ്ങുകയും പണം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.