രാത്രി പ്രാർഥനക്ക് സൗജന്യ ബസ് സര്വിസൊരുക്കി അജ്മാന്
text_fieldsഅജ്മാന്: രാത്രി പ്രാര്‍ഥനകള്‍ക്കായി വിശ്വാസികള്‍ക്ക് സൗജന്യ ബസ് സര്‍വിസ് ഒരുക്കി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. റമദാനിലെ പ്രധാന പ്രാര്‍ഥനകളായ തറാവീഹ്, ഖിയാമു ലൈല് നമസ്കാരങ്ങള്‍ക്ക് വിശ്വാസികള്‍ക്ക് എത്തുന്നതിനായാണ് ബസ് സര്‍വിസുകള്‍ ആരംഭിച്ചിരിക്കുന്നത്. അവസാന പത്ത് ദിവസങ്ങളിൽ അജ്മാനിലെ പള്ളികളായ ശൈഖ് സായിദ് മസ്ജിദ്, ആമിന ബിന്ത് അഹമദ് അല്‍ ഗുറൈര്‍ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വിസുകള്‍ ആരംഭിച്ചിരിക്കുന്നത്.
അജ്മാൻ എമിറേറ്റിലെ തിരക്കേറിയ ഈ പള്ളികളിലേക്ക് വിശ്വാസികളെ എത്തിക്കാൻ ബസുകൾ അനുവദിച്ചതായി പബ്ലിക്ക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സമി അലി അൽ ജല്ലാഫ് സൂചിപ്പിച്ചു. അജ്മാന് ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി ഹാൾ പാർക്കിങ് മേഖലയില്‍ നിന്നാണ് ബസ് സര്‍വിസ് ആരംഭിക്കുക. യാത്രക്കാര്‍ക്ക് അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ഇവിടെനിന്ന് രണ്ട് പള്ളികളിലേക്കും തറാവീഹ് നമസ്കാരത്തിന് രാത്രി 7.30 മുതലും ഖിയാമുലൈല്‍ നമസ്കാരത്തിന് രാത്രി 11.30 മുതലും ഓരോ 10 മിനിറ്റിലും ബസുകൾ ഉണ്ടായിരിക്കും. നമസ്കാരങ്ങള്‍ തീരുന്ന മുറക്ക് തിരിച്ചും ബസ് സര്‍വിസ് ഉണ്ടായിരിക്കും.
യാത്രാസൗകര്യവുമായി ഐ.ടി.സിയും
അബൂദബി: റമദാന് വ്രതത്തിന്റെ അവസാന പത്തിലെ രാത്രികാല പ്രത്യേക പ്രാര്‍ഥനക്കായി യാത്രാസൗകര്യമൊരുക്കി അബൂദബി സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി). ശൈഖ് സായിദ് മസ്ജിദില്‍ നമസ്കാരത്തിനും മറ്റുമായി എത്തുന്നവര്‍ക്കാണ് പാര്‍ക്ക് ആന്‍ഡ് റൈഡ് എന്ന പേരില്‍ യാത്രാസേവനം സജ്ജമാക്കിയിരിക്കുന്നത്.
ഏപ്രില്‍ 25 വരെ മൂന്ന് ബസുകളും 26 മുതല്‍ 28 വരെ 10 ബസുകളും ഇവിടേക്ക് സര്‍വിസ് നടത്തും. ഇശാ നമസ്കാരത്തിനുമുമ്പ് ആരംഭിക്കുന്ന സൗജന്യ സേവനം രാത്രിയിലെ പ്രാര്‍ഥന കഴിഞ്ഞ് ഒരു മണിക്കൂര്‍വരെ തുടരും. വാഹത് അല്‍ കരാമ, സായിദ് സ്പോര്‍ട്സ് സിറ്റി, ശൈഖ് സായിദ് മോസ്ക് എന്നിവിടങ്ങളിലെ പാര്ക്കിങ്ങില്നിന്നാണ് ബസ് സര്‍വിസ് ആരംഭിക്കുക. വാഹനം ഈ പാര്‍ക്കിങ്ങുകളില്‍ നിര്‍ത്തിയിട്ടശേഷം ബസില്‍ കയറി പള്ളിയിലും തിരിച്ചുമെത്താം. രാത്രി ഏഴു മുതല്‍ പുലര്‍ച്ച രണ്ടുവരെ യാത്രക്കാരെ സഹായിക്കുന്നതിന് 32 ഇന്‍സ്പെക്ടര്‍മാരും സൂപ്പര്‍വൈസര്‍മാരും മസ്ജിദിന്റെ വടക്ക്, തെക്ക് ഗേറ്റുകളിലും പാര്ക്കിങ്ങിലുമായി ഉണ്ടാവും. 100 ടാക്സികളും മസ്ജിദിന്റെ സമീപത്ത് ലഭ്യമാക്കുമെന്നും ഗതാഗത വിഭാഗം അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.