ബുർജ് ഖലീഫ പ്രദേശത്ത് സൗജന്യ ബസ് സർവിസുമായി റോഡ് ഗതാഗത അതോറിറ്റി
text_fieldsദുബൈ: പുതുവത്സരാഘോഷത്തിന് ബുർജ് ഖലീഫ പ്രദേശത്ത് എത്തുന്നവർക്ക് സൗജന്യ ബസ് സർവിസുമായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). സന്ദർശകരുടെ ഗതാഗതം എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് ബുർജ് ഖലീഫ മേഖലയിൽനിന്ന് മെട്രോ സ്റ്റേഷനുകളിലേക്കും ടാക്സി പാർക്കിങ് സ്ഥലങ്ങളിലേക്കും ബസ് ഏർപ്പെടുത്തുന്നത്.
ശൈഖ് സായിദ് റോഡിലും ഫിനാൽഷ്യൽ സെന്റർ റോഡിലും ഈ ബസുകൾ ലഭ്യമായിരിക്കുമെന്നും ആർ.ടി.എ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
റോഡിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊതു ഗതാഗത രീതികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുവത്സര അവധി ദിനത്തിലെ പൊതുഗതാഗത ബസുകൾ, ദുബൈ മെട്രോ, ട്രാം, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പെയ്ഡ് പാർക്കിങ് മേഖലകൾ, വെഹിക്ക്ൾ ടെക്നിക്കൽ സെന്റർ തുടങ്ങിയവയുടെ സേവന സമയം ആർ.ടി.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ദുബൈ മെട്രോ ഡിസംബർ 31 ചൊവ്വാഴ്ച പുലർച്ച അഞ്ചിന് ആരംഭിക്കുന്ന സർവിസ് രാത്രി 11.59ന് അവസാനിക്കും. തുടർന്ന് ബുധനാഴ്ച അർധ രാത്രി 12ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ച ഒരു മണിക്ക് അവസാനിക്കുന്ന രീതിയിൽ മുഴു സമയ യാത്രാസൗകര്യമുണ്ടായിരിക്കും. പുതുവത്സര ദിനമായ ജനുവരി ഒന്ന് ബുധനാഴ്ച എമിറേറ്റിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്ക് അവധിയായിരിക്കും.
മൾട്ടി സ്റ്റോറേജ് പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ് മേഖലകളും ജനുവരി ഒന്നിന് സൗജന്യമായിരിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.