യു.എ.ഇ സാമൂഹികവർഷം; 60 പിന്നിട്ടവർക്ക് അൽഐൻ മൃഗശാലയിൽ സൗജന്യ പ്രവേശനം
text_fieldsഅൽഐൻ മൃഗശാലയിൽനിന്നുള്ള കാഴ്ച
അൽഐൻ: 60 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും അൽഐൻ മൃഗശാലയിൽ പ്രവേശനം സൗജന്യമാക്കി. നേരത്തേ 70 വയസ്സ് പിന്നിട്ടവർക്കായിരുന്നു മൃഗശാലയിൽ സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ, ഇനി 60തോ അതിന് മുകളിലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 2025നെ സാമൂഹിക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. സാമൂഹിക ഐക്യവും കെട്ടുറപ്പും നിലനിർത്താൻ ലക്ഷ്യമിട്ട് ‘കൈയോട് കൈകോർത്ത്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ സാമൂഹിക വർഷം ആചരിക്കുമെന്നാണ് പ്രഖ്യാപനം.
അതേസമയം, സൗജന്യ പ്രവേശനം അനുവദിക്കാനുള്ള പ്രായപരിധി കുറക്കുന്നതിലൂടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാ കമ്യൂണിറ്റി അംഗങ്ങളും അതിൽ ഉൾപ്പെട്ടുവെന്ന് ഉറപ്പാക്കുന്നതിലുമുള്ള പ്രതിബദ്ധത ഒന്നുകൂടി പ്രകടമാക്കുകയാണ് അൽഐൻ മൃഗശാലയെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകരായെത്തുന്ന മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാനും പ്രവേശനം സുഖമമാക്കുന്നതിനുമായി വാഹന സൗകര്യങ്ങൾ, ഫുട്പാത്തുകൾ, തുറസ്സായ ഇടങ്ങൾ, വിവിധ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, മറ്റ് വിനോദ സൗകര്യങ്ങൾ എന്നിവ ഒരുക്കിയതായും മൃഗശാല അധികൃതർ അറിയിച്ചു. കൂടാതെ വിസിറ്റേഴ്സ് ഹാപ്പിനസ് സെന്ററിൽ അപേക്ഷ നൽകിയാൽ വീൽ ചെയറുകളും ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.