'ഹൈ റിസ്ക്' വിഭാഗക്കാർക്ക് സൗജന്യ ഫ്ലൂ വാക്സിൻ
text_fieldsദുബൈ: യു.എ.ഇ പൗരന്മാർക്കും അപകടസാധ്യത ഉയർന്ന വിഭാഗത്തിൽ ഉൾപ്പെട്ട താമസക്കാർക്കും സൗജന്യ ഫ്ലൂ വാക്സിൻ സ്വീകരിക്കാൻ സംവിധാനമൊരുക്കി അധികൃതർ.
ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസാണ് ദേശീയ ബോധവത്കരണ കാമ്പയിനിൽ സൗജന്യ വാക്സിനേഷൻ പദ്ധതി ഉൾപ്പെടുത്തിയത്. യു.എ.ഇ പൗരന്മാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, 50 വയസ്സ് പിന്നിട്ട വ്യക്തികൾ, ഗുരുതര രോഗികളായവർ, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ, ആരോഗ്യ മേഖലയിലെ ജോലിക്കാർ എന്നിവർക്കാണ് നിലവിൽ സൗജന്യ വാക്സിൻ ലഭ്യമാക്കുക.
എമിറേറ്റ്സ് ഹെൽത്ത് സർവിസസിനുകീഴിലെ എല്ലാ പബ്ലിക്ക് ഹെൽത്ത് സെന്ററുകളിലും പ്രാഥമികാരോഗ്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ഇത് ലഭ്യമാണ്. ഇൻഫ്ലുവൻസ പോലുള്ള സീസണൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്ന രാജ്യത്തിന്റെ നയങ്ങളുടെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവിസസിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. ശംസ ലൂത്ത പറഞ്ഞു.
സാംക്രമിക രോഗങ്ങൾ തടയുന്നതിനും അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറക്കുന്നതിനും കുത്തിവെപ്പ് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതിനാലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉയർന്ന അപകടസാധ്യത വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക് മിതമായ നിരക്കിൽ വാക്സിൻ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.