വാക്സിനെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും പി.സി.ആർ പരിശോധന സൗജന്യം
text_fieldsദുബൈ: യു.എ.ഇയിൽ വാക്സിനെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ രംഗത്തെ മറ്റുജീവനക്കാർക്കും പി.സി.ആർ പരിശോധന സൗജന്യമാക്കി.
ഓരോ 30 ദിവസത്തിനിടയിലുമാണ് പരിശോധന സൗജന്യമായി ലഭിക്കുകയെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പുതിയ അക്കാദമിക വർഷം ആരംഭിക്കുകയും വിദ്യാർഥികൾക്കും വിദ്യാഭ്യാസരംഗത്തുള്ളവർക്കും കൃത്യമായ ഇടവേളകളിൽ പല എമിറേറ്റുകളിലും പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അതോറിറ്റിയുടെ തീരുമാനം.
അബൂദബി അടക്കമുള്ള എമിറേറ്റുകളിൽ കൃത്യമായ ഇടവേളകളിൽ സ്കൂളിൽ പ്രവേശിക്കുന്നതിന് പി.സി.ആർ പരിശോധന നടത്തണം. 12 വയസ്സിന് മുകളിലുള്ളവർ വാക്സിനെടുത്തവരല്ലെങ്കിൽ ക്ലാസിൽ ഹാജരാകുന്നതിന് എല്ലാ ആഴ്ചയും പി.സി.ആർ എടുക്കണം.
വാക്സിനെടുത്തവരും 12 വയസ്സിൽ താഴെയുള്ള വാക്സിനെടുക്കാത്തവരും മാസത്തിലൊരിക്കൽ പി.സി.ആർ എടുക്കണം. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് പ്രോട്ടോകോൾ ബാധകം. ഇവിടങ്ങളിൽ കഴിഞ്ഞ ആഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പി.സി.ആർ ടെസ്റ്റിന് വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. പി.സി.ആർ ടെസ്റ്റിന് സർക്കാർ ആരോഗ്യസേവന കേന്ദ്രങ്ങളിൽ 50 ദിർഹമാക്കി ചുരുക്കുകയുമുണ്ടായി.
ദുബൈയിൽ സ്വകാര്യ സ്കൂൾ പ്രവേശനത്തിന് വാക്സിൻ സ്വീകരിക്കണമെന്നോ നിശ്ചിത ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണമെന്നോ മാനദണ്ഡമല്ല. സ്കൂൾ തുറക്കുന്നതിന് നിയന്ത്രണങ്ങൾ തീരുമാനിക്കാൻ വിവിധ എമിറേറ്റുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അനുവാദം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ദുബൈ പി.സി.ആർ ഒഴിവാക്കിയത്.
നിലവിൽ യു.എ.ഇയിലെ 90 ശതമാനം വിദ്യാഭ്യാസരംഗത്തെ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 36 ശതമാനം വിദ്യാർഥികളും കുത്തിവെപ്പെടുത്തു. നിലവിൽ സ്കൂളുകളിൽ ഓൺലൈൻ പഠനവും നേരിട്ട് ക്ലാസിലെത്തിയുള്ള പഠനവും തുടരുന്നുണ്ട്.
കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ കുട്ടികളിൽ വലിയ ശതമാനം നേരിട്ട് ക്ലാസിലെത്തിയാണ് പഠിക്കുന്നത്.
ഒക്ടോബർ മൂന്നു മുതൽ ദുബൈയിൽ പൂർണമായും നേരിട്ട് ക്ലാസിലെത്തുന്ന സംവിധാനത്തിലേക്ക് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.